മലപ്പുറം: മഞ്ചേരിയിൽ വീടിനുള്ളിലേക്ക് കാട്ടുപന്നി കയറിയ സംഭവത്തിൽ രണ്ടര വയസുകാരി തലനാരിഴയ്ക്ക് രക്ഷപ്പെട്ടു. ഇന്നലെ രാവിലെ പത്തരയോടെയാണ് മഞ്ചേരി തടത്തിപ്പറമ്പ് സ്വദേശി കള്ളാടിത്തൊടി അലവിയുടെ വീട്ടിൽ സംഭവം ഉണ്ടായത്.
വീട്ടുകാർ അടുക്കള ഭാഗത്ത് സംസാരിച്ചുകൊണ്ടിരിക്കെ റോഡിലൂടെ എത്തിയ കാട്ടുപന്നി വീടിനുള്ളിലേക്ക് ഓടിക്കയറുകയായിരുന്നു. അലവിയുടെ മകൻ ഫവാസിന്റെ രണ്ടര വയസുള്ള മകൾ കട്ടിലിൽ കളിച്ചുകൊണ്ടിരുന്ന മുറിയിലേക്കാണ് കാട്ടുപന്നി കയറിയത്. എന്നാൽ, ഫവാസിന്റെ അമ്മാവൻ അബ്ദുൽ ഹക്കീം സമയോചിതമായി ഇടപെട്ട് കുട്ടിയെ സുരക്ഷിതമായി പുറത്തേക്ക് മാറ്റുകയും മുറിയുടെ വാതിൽ പുറത്തുനിന്ന് അടയ്ക്കുകയും ചെയ്തതോടെ വലിയ അപകടം ഒഴിവായി.
തുടർന്ന് വീട്ടുകാർ നാട്ടുകാരെയും നഗരസഭ അധികൃതരെയും വിവരം അറിയിച്ചു. നഗരസഭയുടെ നിർദേശപ്രകാരം ഷൂട്ടർമാരായ കെ.വി. ഇല്യാസ് ബാബു, കെ.വി. നൗഷാദ് എന്നിവർ സ്ഥലത്തെത്തി ജനൽപാളി തുറന്ന് മുറിക്കുള്ളിലുണ്ടായിരുന്ന കാട്ടുപന്നിയെ വെടിവെച്ച് കൊന്നു.
ശേഷം നാട്ടുകാർ ചേർന്ന് കാട്ടുപന്നിയുടെ ജഡം പുറത്തെടുത്ത് ഭക്ഷ്യയോഗ്യമല്ലാതാക്കി കുഴിച്ചുമൂടി.
അതേസമയം, ദിവസങ്ങൾക്കുമുമ്പ് ഒതുക്കുങ്ങലിൽ വീടിനുള്ളിൽ കയറിയ തെരുവുനായ തൊട്ടിലിൽ ഉറങ്ങിക്കിടന്ന അഞ്ചുമാസം പ്രായമുള്ള കുഞ്ഞിനെ ആക്രമിച്ച സംഭവവും പ്രദേശവാസികളുടെ ആശങ്ക വർധിപ്പിച്ചിരുന്നു. വന്യജീവികളും തെരുവുനായ്ക്കളും വീടുകൾക്കുള്ളിലേക്ക് പോലും കടന്നുകയറുന്ന സംഭവങ്ങൾ വർധിക്കുന്ന സാഹചര്യത്തിൽ സുരക്ഷ ശക്തമാക്കണമെന്ന ആവശ്യമാണ് നാട്ടുകാർ ഉയർത്തുന്നത്.




