ന്യൂഡൽഹി: ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധം. ഹരിയാന സ്വദേശിയായ ഒരു സ്ത്രീയും കുട്ടികളുമാണ് പ്രതിഷേധവുമായി എത്തിയത്. ഹരിയാന നിയമസഭാ തെരഞ്ഞെടുപ്പിൽ സീറ്റ് നൽകാമെന്ന് പറഞ്ഞ് കോൺഗ്രസ് പണം തട്ടിയെന്നാണ് ഇവരുടെ ആരോപണം. പ്രതിഷേധക്കാരെ പിന്നീട് പൊലീസ് കസ്റ്റഡിയിലെടുത്ത് സ്ഥലത്തുനിന്ന് നീക്കി.
അതേസമയം, യുവാക്കളുമായും വിദ്യാർഥികളുമായും കൂടുതൽ സംവദിക്കുന്നതിന്റെ ഭാഗമായി രാഹുൽ ഗാന്ധി ഇൻസ്റ്റാഗ്രാമിൽ ‘ആസ്ക് മി എനിതിങ്’ സെഷൻ ആരംഭിച്ചു. വിദ്യാർഥികൾക്കും ജെൻ-സി വിഭാഗത്തിനും നേരിട്ട് ചോദ്യങ്ങൾ ചോദിക്കാനുള്ള അവസരമാണ് ഇതിലൂടെ ഒരുക്കിയിരിക്കുന്നത്.
“വിദ്യാർഥികളേ, ജെൻ-സി… ഞാൻ നിങ്ങളുടെ വാക്കുകൾ കേൾക്കാൻ ഇവിടെയുണ്ട്. ഇൻസ്റ്റാഗ്രാമിൽ എന്നോട് എന്ത് വേണമെങ്കിലും ചോദിക്കൂ. കഴിയുന്നത്ര ചോദ്യങ്ങൾക്ക് ഞാൻ മറുപടി നൽകാം,” എന്ന് രാഹുൽ ഗാന്ധി എക്‌സ് പ്ലാറ്റ്‌ഫോമിൽ കുറിച്ചു. ചോദ്യങ്ങൾ സമർപ്പിക്കാനുള്ള ഇൻസ്റ്റാഗ്രാം സ്റ്റോറിയുടെ ലിങ്കും അദ്ദേഹം പങ്കുവെച്ചിട്ടുണ്ട്.
സാമൂഹിക മാധ്യമങ്ങളിലൂടെ യുവജനങ്ങളുമായി കൂടുതൽ അടുത്തിടപഴകാൻ ദേശീയ രാഷ്ട്രീയ നേതാക്കൾ സ്വീകരിക്കുന്ന പുതിയ സമീപനത്തിന്റെ ഭാഗമായാണ് ഈ നീക്കം വിലയിരുത്തപ്പെടുന്നത്.
കഴിഞ്ഞ ദിവസം പ്രധാനമന്ത്രി നരേന്ദ്ര മോദിയും ഇൻസ്റ്റാഗ്രാമിൽ റീൽസ് പങ്കുവെച്ചിരുന്നു. യുവാക്കൾക്കിടയിൽ ഇൻസ്റ്റാഗ്രാമിന്റെ സ്വാധീനം കണക്കിലെടുത്ത് കേന്ദ്ര മന്ത്രിമാർ റീൽസുകളും സംവാദ പരിപാടികളും കൂടുതൽ സജീവമാക്കണമെന്ന് അദ്ദേഹം നിർദേശിച്ചിരുന്നു. പരീക്ഷാ ചോദ്യപേപ്പർ ചോർച്ചയുമായി ബന്ധപ്പെട്ട് രാജ്യവ്യാപകമായി വിദ്യാർഥി പ്രതിഷേധങ്ങൾ തുടരുന്നതിനിടെയാണ് യുവാക്കളെ ലക്ഷ്യമിട്ടുള്ള ഈ ഡിജിറ്റൽ ആശയവിനിമയത്തിന് കൂടുതൽ പ്രാധാന്യം ലഭിക്കുന്നത്.




