കൊച്ചി: കരാർ അടിസ്ഥാനത്തിൽ ജോലി ചെയ്യുന്ന വനിതാ ജീവനക്കാർക്കും ഗർഭപാത്രം നീക്കംചെയ്യുന്ന ശസ്ത്രക്രിയയായ ഹിസ്റ്റെറെക്ടമിക്ക് ശമ്പളത്തോട് കൂടിയ 45 ദിവസത്തെ മെഡിക്കൽ അവധിക്ക് അർഹതയുണ്ടെന്ന് ഹൈക്കോടതി വിധിച്ചു.
സമഗ്ര ശിക്ഷ പദ്ധതിയിൽ സ്പെഷ്യൽ എജുക്കേറ്റർമാരായി ജോലി ചെയ്യുന്ന നിഷ ജോസും പി. സി. മോളിയും സമർപ്പിച്ച ഹർജിയിലാണ് ജസ്റ്റിസ് ഹരിശങ്കർ വി. മേനോൻ നിർണായക ഉത്തരവ് പുറപ്പെടുവിച്ചത്.
ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയയ്ക്ക് ശേഷം ഇരുവരും നൽകിയ മെഡിക്കൽ അവധി അപേക്ഷ സർക്കാർ നിരസിച്ചിരുന്നു. കരാർ ജീവനക്കാർക്ക് പ്രസവാവധിക്ക് അർഹതയുണ്ടെങ്കിലും, കെ.എസ്.ആർ. ചട്ടം 101എ പ്രകാരമുള്ള ഹിസ്റ്റെറെക്ടമി അവധി അനുവദിക്കാനാവില്ലെന്നായിരുന്നു സർക്കാരിന്റെ നിലപാട്.
എന്നാൽ, പ്രസവാവധിയും ഗർഭച്ഛിദ്രത്തെ തുടർന്നുള്ള അവധിയും അനുവദിക്കുമ്പോൾ സമാന സ്വഭാവമുള്ള ചികിത്സയ്ക്ക് അവധി നിഷേധിക്കുന്നത് വിവേചനപരമാണെന്ന് ഹൈക്കോടതി നിരീക്ഷിച്ചു. സ്ത്രീകളുടെ ആരോഗ്യപരമായ ആവശ്യങ്ങൾ പരിഗണിച്ചുള്ള ആനുകൂല്യങ്ങൾ കരാർ ജീവനക്കാരാണെന്ന കാരണത്താൽ നിഷേധിക്കാനാവില്ലെന്നും കോടതി വ്യക്തമാക്കി.
2021-ൽ കരാർ ജീവനക്കാർക്കും പ്രസവാവധി ആനുകൂല്യം ബാധകമാക്കി സർക്കാർ ഉത്തരവിറക്കിയ കാര്യം കോടതി ചൂണ്ടിക്കാട്ടി. അതിന്റെ അടിസ്ഥാനത്തിൽ ഹിസ്റ്റെറെക്ടമി ശസ്ത്രക്രിയയ്ക്കും സമാനമായ ശമ്പളത്തോട് കൂടിയ 45 ദിവസത്തെ അവധി അനുവദിക്കണമെന്ന് കോടതി ഉത്തരവിട്ടു.
ഹർജിക്കാരുടെ മെഡിക്കൽ അവധി അപേക്ഷ നാല് മാസത്തിനകം പരിഗണിച്ച് തുടർനടപടികൾ സ്വീകരിക്കാനും സംസ്ഥാന സർക്കാരിന് ഹൈക്കോടതി നിർദേശം നൽകി.




