കെഎസ്ആർടിസിയുടെ പ്രിയദർശിനി പദ്ധതിയിലെ ബസുകളിൽ വലിയ തിരക്ക് അനുഭവപ്പെടുന്നതായി ജീവനക്കാരുടെ പരാതി. പല സമയത്തും യാത്രക്കാരുടെ തിരക്ക് കാരണം ബസുകളുടെ ഡോർ പോലും അടയ്ക്കാൻ കഴിയാത്ത സാഹചര്യമുണ്ടാകുന്നുവെന്നാണ് ജീവനക്കാർ പറയുന്നത്.
സ്ത്രീകൾക്ക് സൗജന്യ യാത്ര ഒരുക്കുന്ന പ്രിയദർശിനി പദ്ധതി ആരംഭിച്ച് ഒരു മാസം പിന്നിടുമ്പോൾ, ശമ്പള പ്രതിസന്ധിയേക്കാൾ വലിയ ആശങ്കയായി മാറിയിരിക്കുന്നത് യാത്രക്കാരുടെ എണ്ണവും അധിക ജോലിഭാരവുമാണെന്ന് ജീവനക്കാർ ചൂണ്ടിക്കാട്ടുന്നു.
ബസുകളുടെ ശേഷിയേക്കാൾ കൂടുതൽ യാത്രക്കാരുമായി സർവീസ് നടത്തുന്നത് അപകട സാധ്യത വർധിപ്പിക്കുമെന്നും, തിരക്കേറിയ സാഹചര്യങ്ങളിൽ മോഷണം ഉൾപ്പെടെയുള്ള കുറ്റകൃത്യങ്ങൾക്കും സാധ്യതയുണ്ടെന്നും ജീവനക്കാർ മുന്നറിയിപ്പ് നൽകുന്നു.
പ്രിയദർശിനി പദ്ധതി തുടരുന്നതിനൊപ്പം കൂടുതൽ ബസുകൾ സർവീസിന് ഇറക്കുകയും ജീവനക്കാരുടെ ജോലിഭാരം കുറയ്ക്കാനുള്ള നടപടി സ്വീകരിക്കുകയും വേണമെന്നാണ് ആവശ്യം.
കഴിഞ്ഞ ദിവസം കോഴിക്കോട് താമരശ്ശേരിയിൽ പ്രിയദർശിനി ബസ് അപകടത്തിൽപ്പെട്ട പശ്ചാത്തലത്തിൽ സർക്കാർ വിഷയത്തിൽ അടിയന്തരമായി ഇടപെടണമെന്നും ജീവനക്കാർ ആവശ്യപ്പെട്ടു.




