ന്യൂഡൽഹി: നീറ്റ് പരീക്ഷാ ക്രമക്കേടുമായി ബന്ധപ്പെട്ട് കേന്ദ്ര സർക്കാരിനെതിരെ 26 ദിവസമായി തുടരുന്ന നിരാഹാര സമരം സാമൂഹിക പ്രവർത്തകൻ സോനം വാങ്ചുക് അവസാനിപ്പിച്ചു.
പുലർച്ചെ ഒന്നരയോടെയാണ് കേന്ദ്ര മന്ത്രിമാരായ ജെ.പി. നഡ്ഡയുടെയും ജിതേന്ദ്ര സിങ്ങിന്റെയും സാന്നിധ്യത്തിൽ സമരം അവസാനിപ്പിച്ചത്. പ്രതിഷേധം ശക്തമായ സാഹചര്യത്തിൽ സമരക്കാരുമായി ധാരണയിലെത്താൻ കേന്ദ്ര സർക്കാർ നടത്തിയ ചർച്ചകൾക്കൊടുവിലാണ് തീരുമാനം.
നിഷ്പക്ഷ വേദിയിൽ ചർച്ച നടത്തണമെന്ന സമരക്കാരുടെ ആവശ്യം കേന്ദ്രം അംഗീകരിച്ചതായാണ് വിവരം. ഇതിന്റെ ഭാഗമായി ഇന്ന് ഉച്ചയ്ക്ക് 12.30ന് ഡൽഹിയിലെ കോൺസ്റ്റിറ്റ്യൂഷൻ ക്ലബ്ബിൽ നിർണായക കൂടിക്കാഴ്ച നടക്കും. ഇന്നത്തെ കേന്ദ്ര മന്ത്രിസഭാ യോഗത്തിൽ വിഷയവുമായി ബന്ധപ്പെട്ട സുപ്രധാന തീരുമാനങ്ങളുണ്ടാകുമെന്ന് പ്രധാനമന്ത്രി വീഡിയോ സന്ദേശത്തിലൂടെ അറിയിച്ചതായും റിപ്പോർട്ടുകളുണ്ട്.
പാർലമെന്റ് മാർച്ചിൽ പങ്കെടുത്തവർക്കെതിരെ കേസെടുക്കില്ലെന്ന് കേന്ദ്രം ഉറപ്പുനൽകിയതായാണ് റിപ്പോർട്ട്. പ്രതിഷേധിച്ച വിദ്യാർഥികൾക്കെതിരെ നടപടിയുണ്ടാകില്ലെന്ന ഉറപ്പ് ലഭിച്ചാൽ നിരാഹാരസമരം അവസാനിപ്പിക്കാമെന്ന് സോനം വാങ്ചുക് നേരത്തെ വ്യക്തമാക്കിയിരുന്നു.
നീണ്ട ചർച്ചകൾക്കൊടുവിലാണ് സമരം അവസാനിപ്പിക്കുന്നതെന്ന് വാങ്ചുക് സമൂഹമാധ്യമത്തിലൂടെ അറിയിച്ചു. ആശുപത്രിയിൽ നിന്നുള്ള ചിത്രങ്ങളും അദ്ദേഹം പങ്കുവെച്ചു. സമരകാലത്ത് തനിക്കൊപ്പം ഉറച്ച പിന്തുണയുമായി നിന്ന ഭാര്യ ഗീതാഞ്ജലിയോട് അദ്ദേഹം നന്ദിയും സ്നേഹവും രേഖപ്പെടുത്തി.
അതേസമയം, കേന്ദ്ര വിദ്യാഭ്യാസ മന്ത്രി ധർമേന്ദ്ര പ്രധാൻ രാജിവെക്കണമെന്ന ആവശ്യം ഇന്നും പാർലമെന്റിൽ ഉന്നയിക്കാൻ പ്രതിപക്ഷം ഒരുങ്ങുകയാണ്. രാജിക്ക് ശേഷമേ വിഷയത്തിൽ സഭയിൽ ചർച്ചയുള്ളുവെന്ന നിലപാടാണ് പ്രതിപക്ഷം സ്വീകരിച്ചിരിക്കുന്നത്. തുടർനടപടികൾ ചർച്ച ചെയ്യാൻ രാവിലെ ഇന്ത്യ സഖ്യ നേതാക്കളുടെ യോഗവും ചേരും.




