മഹാരാഷ്ട്ര ഉൾപ്പെടെ രാജ്യത്തിന്റെ വിവിധ ഭാഗങ്ങളിൽ ശക്തമായ മഴ തുടരുന്നു. മുംബൈയിൽ ഉരുൾപൊട്ടലും വെള്ളപ്പൊക്കവും റിപ്പോർട്ട് ചെയ്തതോടെ സ്ഥിതിഗതികൾ അതീവ ഗുരുതരമാണ്. ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ മുന്നറിയിപ്പ് ശക്തമാക്കി.
മുംബൈ, പൂണെ ഉൾപ്പെടെയുള്ള മഹാരാഷ്ട്രയിലെ വിവിധ ജില്ലകളിൽ അതിതീവ്ര മഴ തുടരുകയാണ്. മുംബൈ–പൂണെ ഹൈവേയിൽ ഉരുൾപൊട്ടൽ റിപ്പോർട്ട് ചെയ്തതോടെ ഗതാഗതം തടസ്സപ്പെട്ടു.
പാൽഘർ ജില്ലയിലെ വസായി, വിരാർ മേഖലകളിൽ താഴ്ന്ന പ്രദേശങ്ങൾ ഇപ്പോഴും വെള്ളത്തിനടിയിലാണ്. മുംബൈയിൽ ഇന്ന് ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചിരിക്കുകയാണ്.
കനത്ത മഴയെ തുടർന്ന് ഇന്നലെ രാത്രി മാൻകുർദിൽ കുടിലുകൾ തകർന്നുവീണുണ്ടായ അപകടത്തിൽ ആറുപേർ മരിച്ചു. ഇതിൽ അഞ്ചുപേരും കുട്ടികളാണ്. അനധികൃതമായി നിർമ്മിച്ച കുടിലുകളാണ് തകർന്നുവീണതെന്ന് അധികൃതർ അറിയിച്ചു.
കഴിഞ്ഞ ആറ് ദിവസമായി തുടരുന്ന മഴയിൽ മുംബൈ, താനെ ജില്ലകളിൽ കോടികളുടെ നഷ്ടമാണ് റിപ്പോർട്ട് ചെയ്യുന്നത്. ശക്തമായ മഴയെ തുടർന്ന് ഈ മേഖലകളിലെ വിദ്യാഭ്യാസ സ്ഥാപനങ്ങൾക്ക് അവധി പ്രഖ്യാപിച്ചു.
അതേസമയം, ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിലും മഴ അതിശക്തമായി തുടരുകയാണ്. ഉത്തരാഖണ്ഡിൽ അളകനന്ദാ നദിയിലെ ജലനിരപ്പ് ഉയർന്നതിനെ തുടർന്ന് നമാമി ഘട്ട് പൂർണ്ണമായും വെള്ളത്തിനടിയിലായി.
ഒഡിഷ, ജാർഖണ്ഡ്, പശ്ചിമബംഗാൾ സംസ്ഥാനങ്ങളിൽ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്ന് കാലാവസ്ഥാ വകുപ്പ് മുന്നറിയിപ്പ് നൽകി. ഒഡിഷയിൽ റെഡ് അലർട്ട് പ്രഖ്യാപിച്ചിട്ടുണ്ട്.
ഛത്തീസ്ഗഡിലെ റായ്പൂരിൽ താഴ്ന്ന പ്രദേശങ്ങളിൽ അതിരൂക്ഷമായ വെള്ളക്കെട്ടാണ് റിപ്പോർട്ട് ചെയ്തിരിക്കുന്നത്. ഗരിയാബന്ദ് ജില്ലയിൽ വെള്ളപ്പൊക്കത്തിൽ കുടുങ്ങിയ തൊഴിലാളികളെ രക്ഷാപ്രവർത്തനത്തിലൂടെ സുരക്ഷിതമായി പുറത്തെത്തിച്ചതായി അധികൃതർ അറിയിച്ചു.




