മൂവാറ്റുപുഴ: വ്യാജ രേഖകൾ ചമച്ച് ഹൗസിംഗ് പദ്ധതിയിൽ സാമ്പത്തിക തട്ടിപ്പ് നടത്തിയ കേസിൽ നിർമ്മിതി കേന്ദ്ര മുൻ റീജിയണൽ എഞ്ചിനീയർക്ക് 12 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും വിധിച്ച് മൂവാറ്റുപുഴ വിജിലൻസ് കോടതി.
ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിലെ മുൻ റീജിയണൽ എഞ്ചിനീയറും ഫോർട്ട് കൊച്ചി സ്വദേശിയുമായ കൃഷ്ണദത്ത് എന്ന 74-കാരനെയാണ് കോടതി കുറ്റക്കാരനായി കണ്ടെത്തി ശിക്ഷിച്ചത്. വിവിധ വകുപ്പുകളിലായാണ് 12 വർഷം കഠിന തടവും 6 ലക്ഷം രൂപ പിഴയും വിധിച്ചിരിക്കുന്നത്.
2007-08 കാലഘട്ടത്തിൽ ഇടുക്കി മുട്ടം നിർമ്മിതി കേന്ദ്രത്തിൽ റീജിയണൽ എഞ്ചിനീയറായിരിക്കെയാണ് ഹൗസിംഗ് സ്കീമിന്റെ മറവിൽ തട്ടിപ്പ് നടത്തിയതെന്നാണ് കേസ്. യോഗ്യതയില്ലാത്ത അഞ്ച് പേർക്ക് വ്യാജ രേഖകൾ തയ്യാറാക്കി ഭവന നിർമ്മാണ ഗ്രാന്റ് അനുവദിക്കുകയും, ഇതിലൂടെ സർക്കാർ ഖജനാവിന് സാമ്പത്തിക നഷ്ടമുണ്ടാക്കുകയും ചെയ്തുവെന്നാണ് അന്വേഷണത്തിൽ കണ്ടെത്തിയത്.
ഏകദേശം ഒരു ലക്ഷം എഴുപത്തിയയ്യായിരം രൂപയുടെ സാമ്പത്തിക ക്രമക്കേടാണ് നടന്നതെന്നാണ് വിജിലൻസ് കണ്ടെത്തൽ. ഏലപ്പാറ ഗ്രാമപഞ്ചായത്തിലും ഇടുക്കി ജില്ലാ പഞ്ചായത്തിലും നിന്ന് നേരത്തെ ഭവന നിർമ്മാണ സഹായം ലഭിച്ച വ്യക്തികൾക്കാണ് വീണ്ടും വ്യാജ രേഖകളുടെ അടിസ്ഥാനത്തിൽ ധനസഹായം അനുവദിച്ചതെന്നും അന്വേഷണത്തിൽ തെളിഞ്ഞു.
സംഭവത്തിൽ 2014-ലാണ് ഇടുക്കി വിജിലൻസ് യൂണിറ്റ് കേസ് രജിസ്റ്റർ ചെയ്തത്. തുടർന്ന് നടത്തിയ വിശദമായ അന്വേഷണത്തിൽ തട്ടിപ്പിന്റെ തെളിവുകൾ കണ്ടെത്തുകയായിരുന്നു.
മൂവാറ്റുപുഴ വിജിലൻസ് കോടതി ജഡ്ജി രാജേഷ് ജിയാണ് വിധി പ്രസ്താവിച്ചത്. ഇടുക്കി വിജിലൻസ് യൂണിറ്റിലെ മുൻ ഡിവൈഎസ്പി രതീഷ് കൃഷ്ണൻ, ഇൻസ്പെക്ടർമാരായ വിശ്വനാഥൻ നായർ, ജിൽസൺ മാത്യു എന്നിവരാണ് കേസ് അന്വേഷിച്ചത്. വിജിലൻസിന് വേണ്ടി പബ്ലിക് പ്രോസിക്യൂട്ടർ സരിത വി.എ കോടതിയിൽ ഹാജരായി.
സർക്കാർ പദ്ധതികളിലെ ക്രമക്കേടുകൾക്കെതിരെ ശക്തമായ നിയമനടപടികൾ തുടരുമെന്ന സന്ദേശം കൂടിയാണ് ഈ വിധി നൽകുന്നത്.




