സെക്രട്ടേറിയറ്റിൽ പോസ്റ്റിങ് ലഭിക്കാതെ അമ്പതോളം ജീവനക്കാർ വീട്ടിലിരുന്ന് ശമ്പളം വാങ്ങുന്നതായി റിപ്പോർട്ട്. പൊതുഭരണ വകുപ്പിലെ 28 ഉദ്യോഗസ്ഥർ ഉൾപ്പെടെ ഉയർന്ന ശമ്പളം ലഭിക്കുന്ന ഉദ്യോഗസ്ഥർക്കാണ് ഇതുവരെ പുതിയ നിയമനം ലഭിക്കാത്തത്.
രണ്ട് ലക്ഷത്തിലധികം രൂപ മാസശമ്പളം ലഭിക്കുന്ന ചില ഉദ്യോഗസ്ഥരാണ് ജോലിയൊന്നും ചെയ്യാതെ വീട്ടിലിരിക്കേണ്ട സാഹചര്യമുണ്ടായതെന്നാണ് വിവരം. മുൻ സർക്കാരിന്റെ കാലത്ത് മന്ത്രിമാരുടെ പേഴ്‌സണൽ സ്റ്റാഫിലും മറ്റ് ഡെപ്യൂട്ടേഷൻ തസ്തികകളിലും പ്രവർത്തിച്ചിരുന്നവരാണ് സർക്കാർ മാറിയതോടെ മാതൃസർവീസിലേക്ക് മടങ്ങിയത്.
എന്നാൽ തിരികെയെത്തി ഒരു മാസം പിന്നിട്ടിട്ടും ഇവർക്ക് പുതിയ പോസ്റ്റിങ് നൽകാത്തതിനാൽ കാത്തിരിപ്പിലാണ് ഉദ്യോഗസ്ഥർ. സെക്രട്ടേറിയറ്റിൽ നിരവധി തസ്തികകൾ ഒഴിഞ്ഞുകിടക്കുമ്പോഴാണ് നിയമന നടപടികൾ വൈകുന്നതെന്നതും ശ്രദ്ധേയമാണ്.
പോസ്റ്റിങ് നടപടികൾ വൈകാൻ കോൺഗ്രസ് അനുകൂല സർവീസ് സംഘടനകളിലെ തർക്കങ്ങളാണ് കാരണമെന്നാണ് പുറത്തുവരുന്ന വിവരം. അതേസമയം, ഭരണാനുകൂല സംഘടനകളിൽ ഉൾപ്പെട്ട ജീവനക്കാർക്ക് പ്രമോഷനും മറ്റ് ആനുകൂല്യങ്ങളും നൽകുന്നതിനുള്ള നീക്കങ്ങളുടെ ഭാഗമായാണ് നിയമനങ്ങൾ വൈകുന്നതെന്ന ആരോപണവും ഉയരുന്നുണ്ട്.
വിഷയത്തിൽ ഔദ്യോഗിക വിശദീകരണം ലഭ്യമായിട്ടില്ല. അതേസമയം, ഒഴിവുകൾ അടിയന്തരമായി നികത്തി ഭരണകാര്യങ്ങൾ കാര്യക്ഷമമാക്കണമെന്ന ആവശ്യം ശക്തമാകുകയാണ്.




