കൊച്ചിയിലെ അങ്കണവാടിയില്‍ മൂന്നര വയസുകാരിക്ക് നേരെ ലൈംഗികാതിക്രമം നടന്ന കേസില്‍ അന്വേഷണം ശക്തമാക്കി പൊലീസ്. കേസിലെ പ്രതി കാശിനാഥിന്റെ അമ്മയെ ഇന്ന് ചോദ്യം ചെയ്യും. അങ്കണവാടിയിലെ ടീച്ചറായ അമ്മയുടെ സാന്നിധ്യത്തിലാണ് പ്രതി നിരന്തരം അങ്കണവാടിയിലെത്തിയിരുന്നതെന്നാണ് അന്വേഷണത്തില്‍ കണ്ടെത്തിയത്.
പ്രതി ലഹരി ഉപയോഗിക്കുന്ന ആളാണെന്ന വിവരവും പൊലീസിന് ലഭിച്ചിട്ടുണ്ട്. ചോദ്യം ചെയ്യലിനിടെ കാശിനാഥ് കുറ്റം സമ്മതിച്ചതായാണ് പൊലീസ് വ്യക്തമാക്കുന്നത്. പ്രതിയെ ഇന്ന് കോടതിയില്‍ ഹാജരാക്കും.
സംഭവത്തില്‍ വനിതാ ശിശു വികസന വകുപ്പ് നടപടിയെടുത്തിട്ടുണ്ട്. അങ്കണവാടി വര്‍ക്കറെ അടിയന്തരമായി സര്‍വീസില്‍നിന്ന് സസ്‌പെന്‍ഡ് ചെയ്തു. അങ്കണവാടിയില്‍ പുറത്ത് നിന്നുള്ള ആളുകളെ പ്രവേശിപ്പിക്കരുതെന്ന സര്‍ക്കാര്‍ നിര്‍ദേശം പാലിക്കാത്തതിനാണ് നടപടി.
അതേസമയം, സംഭവത്തില്‍ വിശദമായ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിക്കാന്‍ വനിതാ ശിശു വികസന വകുപ്പ് ഡയറക്ടര്‍ക്ക് മന്ത്രി ബിന്ദു കൃഷ്ണ നിര്‍ദേശം നല്‍കി. പ്രത്യേക അന്വേഷണം നടത്തുന്നതിനായി ജോയിന്റ് ഡയറക്ടര്‍, നിര്‍ഭയ സെല്‍ കോര്‍ഡിനേറ്റര്‍, ഐസിപിഎസ് പ്രോഗ്രാം കോര്‍ഡിനേറ്റര്‍ എന്നിവരടങ്ങിയ സംഘത്തെയും ചുമതലപ്പെടുത്തിയിട്ടുണ്ട്.
കേസിന്റെ എല്ലാ വശങ്ങളും പരിശോധിച്ച് ശക്തമായ നടപടികള്‍ സ്വീകരിക്കുമെന്ന് അധികൃതര്‍ അറിയിച്ചു.




