ജ്യേഷ്ഠനെ ഹെല്‍മറ്റ് കൊണ്ടു തലയ്ക്കടിച്ചു കൊലപ്പെടുത്തിയ ശേഷം ബൈക്കില്‍ നിന്നു തെറിച്ചുവീണു മരിച്ചതാണെന്നു പ്രചരിപ്പിച്ച അനിയനും സുഹൃത്തും വെസ്റ്റ് പൊലീസിന്റെ പിടിയില്‍. അരിമ്പൂര്‍ നാലാംകല്ല് കുന്നത്തുംകര ഷാജിയുടെ മകന്‍ ഷൈന്‍ (29) കൊല്ലപ്പെട്ട സംഭവത്തില്‍ അനുജന്‍ ഷെറിന്‍ (27), സുഹൃത്ത് നാലാംകല്ല് പരക്കാട് ചെട്ടിക്കാട്ടില്‍ അരുണ്‍ (25) എന്നിവരെയാണു എസ്എച്ച്ഒ ടി.പി. ഫര്‍ഷാദും സംഘവും പിടികൂടിയത്. തങ്ങള്‍ക്കൊപ്പം ബൈക്കിലിരുന്നു സഞ്ചരിക്കുമ്പോള്‍ പിന്നിലേക്കു തെറിച്ചുവീണ ഷൈന്‍ റോഡില്‍ തലയിടിച്ചു മരിച്ചു എന്നാണു ഷെറിനും അരുണും പ്രചരിപ്പിച്ചത്. എന്നാല്‍, ബൈക്കില്‍ നിന്നു വീണാല്‍ സംഭവിക്കുന്ന മുറിവല്ല ഷൈനിന്റെ തലയില്‍ കണ്ടതെന്നും ശക്തിയായി അടിയേറ്റുണ്ടായ മുറിവാണെന്നും പോസ്റ്റ്‌മോര്‍ട്ടത്തില്‍ കണ്ടെത്തിയതു നിര്‍ണായകമായി.
സംഭവത്തെക്കുറിച്ചു പൊലീസ് കണ്ടെത്തിയ വിവരങ്ങളിങ്ങനെ: തിരുച്ചിറപ്പള്ളിയില്‍ പെയിന്റിങ് ജോലിയാണു ഷൈന്. സഹോദരന്‍ ഷെറിന്‍ കുന്നത്തങ്ങാടിയില്‍ ഓട്ടോറിക്ഷാ െ്രെഡവറും. അനുജന്റെ കയ്യില്‍ നിന്നു ഷൈന്‍ പലപ്പോഴായി പണം കടംവാങ്ങിയിരുന്നു. ഇതിന്റെ പേരില്‍ ഇവര്‍ക്കിടയില്‍ തര്‍ക്കങ്ങളും പതിവായിരുന്നു. തിരുച്ചിറപ്പള്ളിയില്‍ നിന്നു ചൊവ്വാഴ്ച രാത്രി 11.45ന് ആണു ഷൈന്‍ തൃശൂരിലെത്തിയത്. വീട്ടിലേക്കു കൂട്ടിക്കൊണ്ടുപോകാന്‍ ബൈക്കുമായി എത്താന്‍ ഷെറിനെ ഫോണില്‍ വിളിച്ച് ഷൈന്‍ ആവശ്യപ്പെട്ടു. മദ്യപിച്ചിരുന്നതിനാല്‍ ഷെറിന്‍ ബൈക്ക് ഓടിക്കാനായി അയല്‍വാസി അരുണിനെയും കൂട്ടി. ബാറില്‍ മദ്യപിച്ച ശേഷമാണു ഷൈന്‍ ഇവര്‍ക്കൊപ്പം ബൈക്കില്‍ വീട്ടിലേക്കു പുറപ്പെട്ടത്.
ചേറ്റുപുഴ – അരണാട്ടുകര റോഡിലെത്തിയപ്പോള്‍ പെട്രോള്‍ തീര്‍ന്നു ബൈക്ക് നിന്നു. ഇതിന്റെ പേരില്‍ തര്‍ക്കമായി. പെട്രോള്‍ നിറയ്ക്കാന്‍ ഷൈനിനോടു ഷെറിന്‍ പണം ആവശ്യപ്പെട്ടു. നല്‍കില്ലെന്നു ഷൈന്‍ പറഞ്ഞതോടെ പലപ്പോഴായി തന്നോടു വാങ്ങിയ പണം മുഴുവന്‍ തിരിച്ചുനല്‍കാന്‍ ഷെറിന്‍ ആവശ്യപ്പെട്ടു. തര്‍ക്കം മൂത്തപ്പോള്‍ ഷൈന്‍ മുന്നോട്ടുനടന്നു. പിന്നിലൂടെ ഓടിയെത്തിയ ഷെറിന്‍ സഹോദരനെ ഹെല്‍മറ്റു കൊണ്ടു തലയ്ക്കടിച്ചു വീഴ്ത്തുകയായിരുന്നു. മരിച്ചു എന്നു മനസ്സിലാക്കിയപ്പോള്‍ ഷെറിന്‍ ഭയന്നു. ഹെല്‍മറ്റ് പൊന്തക്കാട്ടിലേക്കെറിഞ്ഞ ശേഷം ആംബുലന്‍സ് വിളിച്ച് ഷൈനിനെ ആശുപത്രിയിലെത്തിച്ചു. ബൈക്കില്‍ നിന്നു തെറിച്ചു പിന്നിലേക്കു വീണെന്നാണ് ആശുപത്രിയിലും പറഞ്ഞത്. എന്നാല്‍, ക്ഷതം പരിശോധിച്ച ഫൊറന്‍സിക് സര്‍ജന്‍ ഡോ. വിമല്‍ വിജയ് നല്‍കിയ സൂചനയാണു കൊലപാതകം തെളിയിച്ചത്. എസ്‌ഐ വിജയന്‍, സീനിയര്‍ സിപിഒ ഹരിഹരന്‍, സിപിഒ ബിയോ തുടങ്ങിയവരും അന്വേഷണ സംഘത്തിലുള്‍പ്പെട്ടു. തെളിവെടുപ്പിനു ശേഷം പ്രതികളെ റിമാന്‍ഡ് ചെയ്തു.
ചേട്ടന്‍ പോയി, ഉണര്‍ത്തേണ്ട; ദുഃഖം അഭിനയിച്ച് പ്രതികള്‍
ഷൈനിന്റെ മരണമറിഞ്ഞ് അനുശോചനവുമായെത്തിയ നാട്ടുകാര്‍ക്കും ബന്ധുക്കള്‍ക്കും മുന്നില്‍ പ്രതികള്‍ നടത്തിയത് അഗാധമായ ദുഃഖാഭിനയം. ‘ചേട്ടന്‍ പോയി, ഉണര്‍ത്തേണ്ട..’ എന്നായിരുന്നു ഷെറിന്‍ പലരോടും കണ്ണീരോടെ പങ്കുവച്ചത്. എന്താണു സംഭവിച്ചതെന്നു ചോദിച്ചവരോടെല്ലാം ബൈക്കിനു പിന്നില്‍ നിന്നു തെറിച്ചുവീണുവെന്നായിരുന്നു മറുപടി. അരുണും ഈ സമയം മുഴുവന്‍ ഷെറിനൊപ്പമുണ്ടായിരുന്നു. സംസ്‌കാരച്ചടങ്ങുകള്‍ തീര്‍ന്നയുടന്‍ പൊലീസ് എത്തി ഇരുവരെയും കസ്റ്റഡിയിലെടുത്തപ്പോഴാണ് അടുത്ത ബന്ധുക്കള്‍ പോലും കാര്യമറിഞ്ഞത്.