ദില്ലി: സമാജ്‌വാദി പാര്‍ട്ടി നേതാവും ഉത്തര്‍പ്രദേശ് മുന്‍ മുഖ്യമന്ത്രിയുമായ മുലായം സിങ് യാദവിന്റെ സംസ്‌കാര ചടങ്ങുകള്‍ ജന്മഗ്രാമമായ സായ്ഫായില്‍ നടക്കും. സംസ്‌കാരം നാളെ ഉച്ചകഴിഞ്ഞ് മൂന്ന് മണിക്ക് പൂര്‍ണ്ണ ഔദ്യോഗിക ബഹുമതികളോടെയാണ് നടക്കുക. മൃതദേഹം സായ് ഫായിലേക്ക് കൊണ്ടു പോകും. കേന്ദ്ര ആഭ്യന്തര മന്ത്രി അമിത് ഷാ ആശുപത്രിയിലെത്തി ആദരാഞ്ജലി അര്‍പ്പിച്ചു. ഗുരു ഗ്രാം മേദാന്ത ആശുപത്രിയിലെ തീവ്രപരിചരണ വിഭാഗത്തില്‍ ചികിത്സയിലിരിക്കെ രാവിലെയാണ് മുലായം സിങ് യാദവിന്റെ മരണം. ശ്വാസ തടസത്തിനൊപ്പം വൃക്കകളുടെ പ്രവര്‍ത്തനവും തകരാറിലായതോടെയാണ് മുലായത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചത്. ആരോഗ്യ നില മെച്ചപ്പെടുന്നുണ്ടെന്ന വാര്‍ത്തകള്‍ക്കിടെയാണ് നിര്യാണം. മകന്‍ അഖിലേഷ് യാദവ് തന്നെയാണ് ട്വീറ്റിലൂടെ മരണവിവരം അറിയിച്ചത്.