തൃശൂരിൽ 221 കിലോ കഞ്ചാവുമായി നാലംഗ സംഘം പിടിയിൽ. തൃശൂർ ചിയ്യാരം സ്വദേശി അലക്സ് (41), തൃശൂർ പുവ്വത്തൂർ സ്വദേശി റിയാസുദ്ദീൻ (32), ആലപ്പുഴ പനവള്ളി സ്വദേശി പ്രവീൺരാജ് (35), ഇരിങ്ങാലക്കുട കാട്ടൂർ സ്വദേശി ചാക്കോ (30) എന്നിവരാണ് തൃശൂർ സിറ്റി ലഹരി വിരുദ്ധസേനയുടെ പിടിയിലായത്. തൃശൂർ, എറണാകുളം, പാലക്കാട്, ആലപ്പുഴ ജില്ലകളിൽ മൊത്ത വിതരണത്തിനായി ഒറീസയിൽ നിന്നും ആഢംബര കാറിലാണ് സംഘം കഞ്ചാവ് കേരളത്തിലെത്തിയത്.
ജില്ലകളിലെത്തിച്ച് ഇടനിലക്കാർക്ക് മറിച്ചു വിൽക്കുന്നതാണ് ഇവരുടെ രീതി. വാങ്ങിയ വിലയുടെ പത്തിരട്ടിയിലധികം ലാഭത്തിനാണ് ചില്ലറ വിൽപ്പന. അറസ്റ്റിലായ അലക്സ് അടിപിടിക്കേസ് ഉൾപ്പെടെ നിരവധി കേസുകളിൽ പ്രതിയാണ്. പത്തനംതിട്ട തിരുവല്ല പൊലീസ് സ്റ്റേഷനിലെ കേസിൽ കോടതി ഏഴു വർഷം ശിക്ഷിച്ചതിനെ തുടർന്ന് കേരള ഹൈക്കോടതിയിൽ അപ്പീൽ ജാമ്യത്തിലാണ് ഇയാൾ ഇപ്പോൾ.
അറസ്റ്റിലായ പ്രവീൺരാജിന് പാലക്കാട്, എറണാകുളം, തൃശൂർ ജില്ലകളിൽ കഞ്ചാവ് കടത്തിയ കേസുകളും, അടിപിടി കേസുകളും നിലവിലുണ്ട്. അറസ്റ്റിലായ ചാക്കോയും, റിയാസും അടിപിടി കേസുകളിൽ പ്രതിയാണ്.
സ്വകാര്യ കാറുകൾ ഉപയോഗിച്ചാണ് ഇവർ കഞ്ചാവ് കടത്തുന്നത്. സംശയം തോന്നാതിരിക്കാൻ ഹരിയാന രജിസ്ട്രേഷനുള്ള ആഢംബര കാറിലാണ് ഇത്തവണ കഞ്ചാവ് കടത്തിയത്. സംഭവത്തിൽ പൊലീസ് അന്വേഷണം ആരംഭിച്ചു. ഇവർക്ക് കഞ്ചാവ് നൽകിയവരെ പറ്റിയും ഇവരിൽ നിന്നും വാങ്ങി ചില്ലറ വിൽപ്പന നടത്തുന്നവരെ കുറിച്ചു പൊലീസ് അന്വേഷിക്കും.തൃശൂർ പൊലീസിന്റെ ചരിത്രത്തിലെ ഏറ്റവും വലിയ കഞ്ചാവ് വേട്ടയാണിത്.