ഉത്തർപ്രദേശിലെ ലഖ്നൗവിൽ വിവാഹനിശ്ചയം കഴിഞ്ഞ് നാലാം നാൾ ഇരുപത്തിരണ്ടുകാരിയായ യുവതിയെ മുൻ കാമുകൻ ക്രൂരമായി കൊലപ്പെടുത്തി. ലഖ്നൗവിലെ സുശാന്ത് ഗോൾഫ് സിറ്റിക്ക് സമീപമുള്ള വനമേഖലയിലാണ് യുവതിയുടെ മൃതദേഹം കണ്ടെത്തിയത്. ഒരു റിയൽ എസ്റ്റേറ്റ് കമ്പനിയിലെ ജീവനക്കാരിയായ ശിവാനിയാണ് കൊല്ലപ്പെട്ടത്. സംഭവവുമായി ബന്ധപ്പെട്ട് ലഖ്നൗവിൽ ഡെലിവറി ഏജന്റായി ജോലി ചെയ്യുന്ന ബിഹാർ സ്വദേശി പ്രേം കുമാർ മാഞ്ചിയെ പൊലീസ് അറസ്റ്റ് ചെയ്തു.
മെയ് 14-നായിരുന്നു പ്രകാശ് എന്ന യുവാവുമായി ശിവാനിയുടെ വിവാഹനിശ്ചയം കഴിഞ്ഞത്. വീട്ടിൽ വിവാഹത്തിനായുള്ള ഒരുക്കങ്ങൾ സജീവമായി നടക്കുന്നതിനിടയിലാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഞായറാഴ്ച രാവിലെ ഓഫീസിലെ ആവശ്യങ്ങൾക്കെന്ന് പറഞ്ഞ് വീട്ടിൽ നിന്നിറങ്ങിയ ശിവാനി രാത്രിയായിട്ടും തിരിച്ചെത്തിയില്ല. തുടർന്ന് കുടുംബം പൊലീസിൽ പരാതി നൽകി. ഇതിനിടയിലാണ് സുശാന്ത് ഗോൾഫ് സിറ്റിയിലെ കാട്ടിൽ യുവതിയുടെ മൃതദേഹം കണ്ടെത്തിയ വിവരം പൊലീസ് അറിയുന്നത്. പൊലീസ് കാണിച്ച ചിത്രങ്ങളിൽ നിന്ന് അമ്മയാണ് മൃതദേഹം ശിവാനിയുടേതാണെന്ന് തിരിച്ചറിഞ്ഞത്.
കേസ് അന്വേഷണത്തിനായി ലഖ്നൗ പൊലീസ് നാല് പ്രത്യേക സംഘങ്ങൾ രൂപീകരിച്ച് സിസിടിവി ദൃശ്യങ്ങളും ഇലക്ട്രോണിക് തെളിവുകളും പരിശോധിച്ചതോടെയാണ് പ്രതിയായ പ്രേം കുമാർ മാഞ്ചി പിടിയിലാകുന്നത്. കഴിഞ്ഞ ഏഴെട്ട് വർഷമായി തനിക്ക് ശിവാനിയെ അറിയാമായിരുന്നുവെന്ന് പ്രതി ചോദ്യം ചെയ്യലിൽ സമ്മതിച്ചു. ശിവാനിയുടെ വിവാഹനിശ്ചയത്തിൽ തനിക്ക് എതിർപ്പില്ലായിരുന്നുവെന്നും എന്നാൽ കഴിഞ്ഞ ആറ് മാസമായി ഓഫീസിലെ സഹപ്രവർത്തകനായ മനീഷുമായി ശിവാനിക്കുണ്ടായിരുന്ന സൗഹൃദമാണ് കൊലപാതകത്തിലേക്ക് നയിച്ചതെന്നും പ്രതി പൊലീസിനോട് പറഞ്ഞു. ശിവാനിയുടെ ഫോണിൽ ഇരുവരുടെയും ചിത്രങ്ങൾ കണ്ടതോടെ പ്രതി കടുത്ത അസൂയയിലും ദേഷ്യത്തിലുമായിരുന്നു.
വനമേഖലയിൽ വെച്ച് കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയ ശേഷം, മൃതദേഹം അടുത്തുള്ള കാട്ടിലേക്ക് വലിച്ചിഴച്ചിട്ടാണ് പ്രതി സിമന്റ് കട്ട ഉപയോഗിച്ച് ശിവാനിയുടെ മുഖം തകർത്തത്. തുടർന്ന് തെളിവ് നശിപ്പിക്കുന്നതിനായി ശിവാനിയുടെ മൊബൈൽ ഫോൺ അടുത്തുള്ള കനാലിലേക്ക് എറിഞ്ഞു കളയുകയും ചെയ്തു. ഒരു ദിവസവേതന തൊഴിലാളിയായ പിതാവിന്റെയും വീട്ടുജോലിക്കാരിയായ അമ്മയുടെയും പ്രതീക്ഷയായിരുന്ന മകളുടെ ഈ ദാരുണാന്ത്യം ലഖ്നൗ നഗരത്തെ മുഴുവൻ കണ്ണീരിലാഴ്ത്തിയിരിക്കുകയാണ്.




