വന്ദേമാതരം വിവാദത്തിൽ മുൻ മന്ത്രി പി.എ. മുഹമ്മദ് റിയാസും ബിജെപിയും തമ്മിലുള്ള വാക്പോര് മുറുകുന്നു. റിയാസിനെ ‘രണ്ടാം ജിന്ന’ എന്ന് വിളിച്ച് ബിജെപി അധിക്ഷേപിച്ചപ്പോൾ, ശരീരം കത്തിച്ചാലും മതനിരപേക്ഷ നിലപാടിൽ നിന്ന് പിന്നോട്ടില്ലെന്ന് മുഹമ്മദ് റിയാസ് തിരിച്ചടിച്ചു.
യുഡിഎഫ് സർക്കാരിന്റെ സത്യപ്രതിജ്ഞാ ചടങ്ങിൽ വന്ദേമാതരം പൂർണ്ണമായി ആലപിച്ചതിനെ മുഹമ്മദ് റിയാസ് വിമർശിച്ചതാണ് വിവാദങ്ങൾക്ക് തുടക്കമിട്ടത്. ഇത് ഭരണഘടനാ വിരുദ്ധമാണെന്നായിരുന്നു റിയാസിന്റെ നിലപാട്. ഇതിന് പിന്നാലെയാണ് ബിജെപി കോഴിക്കോട് ജില്ലാ പ്രസിഡന്റ് പ്രകാശ് ബാബു റിയാസിനെതിരെ അധിക്ഷേപ പരാമർശവുമായി രംഗത്തെത്തിയത്. റിയാസ് ‘രണ്ടാം മുഹമ്മദലി ജിന്നയോ’ എന്നായിരുന്നു പ്രകാശ് ബാബുവിന്റെ ചോദ്യം. കോഴിക്കോട്ട് റിയാസിന്റെ കോലം കത്തിച്ച് ബിജെപി പ്രതിഷേധിക്കുകയും ചെയ്തു.
സംഭവത്തിൽ കടുത്ത ഭാഷയിലാണ് മുഹമ്മദ് റിയാസ് പ്രതികരിച്ചത്. മതനിരപേക്ഷ നിലപാട് ഉയർത്തിയതിന് തന്നെ വ്യക്തിപരമായി അധിക്ഷേപിക്കുകയാണെന്ന് അദ്ദേഹം പറഞ്ഞു. തന്റെ വിമർശനം ശരിയായിരുന്നുവെന്ന് മുഖ്യമന്ത്രിയുടെ പ്രസ്താവനയിലൂടെ വ്യക്തമായിക്കഴിഞ്ഞു. കോലമല്ല, സ്വന്തം ശരീരം തന്നെ കത്തിച്ചാലും മതനിരപേക്ഷത എന്ന ആശയത്തിൽ നിന്ന് താൻ ഒരിഞ്ചു പോലും പിന്നോട്ട് പോകില്ലെന്നും ഫേസ്ബുക്ക് പോസ്റ്റിലൂടെ അദ്ദേഹം വ്യക്തമാക്കി. വന്ദേമാതരം പൂർണ്ണമായി ആലപിക്കുമെന്ന കാര്യം മുഖ്യമന്ത്രി അറിഞ്ഞിരുന്നില്ലെന്നത് ശ്രദ്ധേയമാണെന്നും റിയാസ് കൂട്ടിച്ചേർത്തു.




