രാജ്യത്ത് സാധാരണക്കാരന്റെ കുടുംബ ബജറ്റ് തകർത്ത് ഇന്ധനവിലയിൽ വൻ വർധനവ്. പശ്ചിമേഷ്യൻ സംഘർഷത്തെ തുടർന്ന് അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുതിച്ചുയരുന്ന സാഹചര്യത്തിൽ, വരും ദിവസങ്ങളിലും വില വർധനവ് തുടരുമെന്ന സൂചന നൽകി പെട്രോളിയം മന്ത്രാലയം.
രാജ്യത്ത് പെട്രോൾ, diesel വിലകൾ ക്രമേണ വർധിപ്പിക്കാനാണ് എണ്ണക്കമ്പനികളുടെ തീരുമാനം. കഴിഞ്ഞ അഞ്ച് ദിവസത്തിനിടയിൽ മാത്രം നാല് രൂപയോളമാണ് പെട്രോളിനും ഡീസലിനും വർധിച്ചത്. ഇതൊരു തുടക്കം മാത്രമാണെന്നും, വരും ദിവസങ്ങളിൽ എട്ട് രൂപ വരെ വില ഇനിയും ഉയർന്നേക്കുമെന്നുമാണ് പെട്രോളിയം മന്ത്രാലയ വൃത്തങ്ങൾ നൽകുന്ന സൂചന. ജനങ്ങൾക്ക് പെട്ടെന്ന് ആഘാതം ഉണ്ടാക്കാത്ത രീതിയിൽ കൃത്യമായ ഇടവേളകളിൽ നേരിയ തോതിൽ നിരക്ക് വർധിപ്പിക്കാനാണ് എണ്ണക്കമ്പനികൾ ലക്ഷ്യമിടുന്നത്.
ഇറാനിലെ ആഭ്യന്തര സംഘർഷങ്ങളും പശ്ചിമേഷ്യയിലെ യുദ്ധസമാനമായ സാഹചര്യങ്ങളുമാണ് ആഗോള എണ്ണ വിതരണ ശൃംഖലയെ പൂർണ്ണമായി ബാധിച്ചിരിക്കുന്നത്. അന്താരാഷ്ട്ര വിപണിയിൽ അസംസ്കൃത എണ്ണയുടെ വില കുതിച്ചുയരുമ്പോഴും, കഴിഞ്ഞ പത്ത് ആഴ്ചകളായി രാജ്യത്ത് പഴയ നിരക്കിലാണ് ഇന്ധനം വിറ്റിരുന്നത്. ഇത് എണ്ണക്കമ്പനികൾക്ക് വൻ സാമ്പത്തിക നഷ്ടം വരുത്തിവെച്ചിട്ടുണ്ട്. ഈ ഭീമമായ നഷ്ടം നികത്താനാണ് ഇപ്പോൾ വില വർധിപ്പിക്കാൻ കമ്പനികൾ നിർബന്ധിതരായിരിക്കുന്നത്.
സാധാരണക്കാരെ കൂടുതൽ ദുരിതത്തിലാഴ്ത്തിക്കൊണ്ട് ഗാർഹിക ഉപയോഗത്തിനുള്ള എൽപിജി (LPG) സിലിണ്ടറുകളുടെ വിലയും ഉടൻ വർധിക്കുമെന്നാണ് പുറത്തുവരുന്ന റിപ്പോർട്ടുകൾ. നിലവിലെ പ്രതിസന്ധി മറികടക്കാൻ കേന്ദ്ര സർക്കാർ മറ്റ് ഇളവുകളൊന്നും തന്നെ പരിഗണിക്കുന്നില്ല എന്നതും ജനങ്ങൾക്ക് തിരിച്ചടിയാവുകയാണ്.




