പട്ന: ബിഹാറിലെ ഗോപാൽഗഞ്ചിൽ അർദ്ധരാത്രിയിൽ വിവാഹിതയായ കാമുകിയെ കാണാനെത്തിയ യുവാവിനെ പെൺകുട്ടിയുടെ ബന്ധുക്കൾ തല്ലിക്കൊന്നു. ഈസ്റ്റ് ചമ്പാരൻ ജില്ലയിലെ മോത്തിഹാരി സ്വദേശിയായ ബാദൽ സിങ് (23) ആണ് മരിച്ചത്. ക്രൂരമായ മർദ്ദനമേറ്റ യുവാവ് ആശുപത്രിയിൽ ചികിത്സയിലിരിക്കെയാണ് മരണത്തിന് കീഴടങ്ങിയത്. സംഭവവുമായി ബന്ധപ്പെട്ട് കാമുകിയായ കാജൽ കുമാരിയെയും അമ്മയെയും പോലീസ് കസ്റ്റഡിയിലെടുത്തു.
കഴിഞ്ഞ ശനിയാഴ്ച രാത്രിയാണ് നാടിനെ നടുക്കിയ കൊലപാതകം നടന്നത്. ഒരു കുട്ടിയുടെ അമ്മ കൂടിയായ കാജൽ കുമാരിയുമായി ബാദൽ സിങ് ദീർഘകാലമായി പ്രണയത്തിലായിരുന്നു. ഭർത്താവുമായുള്ള അസ്വാരസ്യങ്ങളെ തുടർന്ന് സ്വന്തം വീട്ടിലായിരുന്നു കാജൽ താമസിച്ചിരുന്നത്. ഇവരെ കാണാനായാണ് ബാദൽ രാത്രിയോടെ ഗോപാൽഗഞ്ചിലെ വീട്ടിലെത്തിയത്. എന്നാൽ യുവാവിനെ വീട്ടുകാർ പിടികൂടുകയും മാരകായുധങ്ങൾ ഉപയോഗിച്ച് ക്രൂരമായി മർദ്ദിക്കുകയുമായിരുന്നു.
വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് രക്തത്തിൽ കുളിച്ചുകിടന്ന ബാദലിനെ ഉടനടി ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. നിലവിൽ മൃതദേഹം പോസ്റ്റ്മോർട്ടം നടപടികൾക്കായി ടൗൺ ഹോസ്പിറ്റലിലേക്ക് മാറ്റിയിരിക്കുകയാണ്. കൊലപാതകത്തെ തുടർന്ന് പ്രദേശത്ത് വലിയ രീതിയിലുള്ള സംഘർഷാവസ്ഥ നിലനിൽക്കുന്നുണ്ട്.
ഫോറൻസിക് വിദഗ്ധർ സംഭവസ്ഥലത്തെത്തി തെളിവുകൾ ശേഖരിച്ചു. ബാദലിന്റെ മൊബൈൽ ഫോൺ കേന്ദ്രീകരിച്ചും പോലീസ് അന്വേഷണം നടത്തുന്നുണ്ട്. കേസിൽ കസ്റ്റഡിയിലായ കാജലിനെയും അമ്മയെയും പോലീസ് ചോദ്യം ചെയ്തുവരികയാണ്. ഒളിവിൽ പോയ മറ്റ് പ്രതികൾക്കായി തിരച്ചിൽ ഊർജ്ജിതമാക്കിയതായും ബാദലിന്റെ കുടുംബത്തിന്റെ പരാതി ലഭിച്ച ശേഷം ബാക്കി തുടർനടപടികൾ സ്വീകരിക്കുമെന്നും പോലീസ് അറിയിച്ചു.




