പൊതുയിടങ്ങളിൽ നിന്ന് തെരുവുനായ്ക്കളെ നീക്കണമെന്ന ഉത്തരവിനെതിരെയുള്ള മൃഗസ്നേഹികളുടെ അപേക്ഷ സുപ്രീംകോടതി തള്ളി. മനുഷ്യ ജീവന് ഭീഷണിയാകുന്ന നായ്ക്കളെ കൊലപ്പെടുത്താമെന്നും മുൻ ഉത്തരവുകൾ കർശനമായി നടപ്പാക്കണമെന്നും കോടതി നിർദേശിച്ചു. തെരുവ്നായ ശല്യം ഇത്രയും ഭീകരമായ അവസ്ഥയിലേക്ക് എത്തിയതിന് പൂർണ്ണ ഉത്തരവാദികൾ സംസ്ഥാന സർക്കാരുകളുടെ നിഷ്ക്രിയത്വമാണെന്ന് കോടതി രൂക്ഷമായി വിമർശിച്ചു.
പൊതുയിടങ്ങളിൽ നിന്നും വിമാനത്താവളങ്ങളിൽ നിന്നടക്കം തെരുവുനായ്ക്കളെ അടിയന്തരമായി മാറ്റണമെന്ന മുൻ ഉത്തരവ് കർശനമായി നടപ്പാക്കാനാണ് സുപ്രീംകോടതിയുടെ നിർദേശം. ആനിമൽ വെൽഫെയർ ബോർഡ് ഓഫ് ഇന്ത്യ പുറപ്പെടുവിച്ച സ്റ്റാൻഡേർഡ് ഓപ്പറേറ്റിംഗ് നടപടിക്രമത്തെ ചോദ്യം ചെയ്ത് മൃഗസ്നേഹികൾ നൽകിയ അപേക്ഷ ജസ്റ്റിസ് വിക്രം നാഥ് അധ്യക്ഷനായ മൂന്നംഗ ബെഞ്ച് പൂർണ്ണമായും തള്ളി. മൂന്ന് ഭാഗങ്ങളായാണ് കോടതി വിധി പുറപ്പെടുവിച്ചിരിക്കുന്നത്. കുട്ടികൾക്ക് നേരെയുള്ള തെരുവുനായ ആക്രമണങ്ങളെ അതീവ ഗൗരവത്തോടെ കാണുന്നുവെന്ന് വ്യക്തമാക്കിയ കോടതി, രാജ്യത്തെ തെരുവുനായ ആക്രമണങ്ങളുടെ ഞെട്ടിക്കുന്ന കണക്കുകളും നിരത്തി.
നിയമങ്ങൾ കൃത്യമായി നടപ്പാക്കുന്നതിൽ അധികൃതർ കാണിച്ചത് കടുത്ത അനാസ്ഥയാണെന്ന് സുപ്രീംകോടതി കുറ്റപ്പെടുത്തി. എബിസി ചട്ടങ്ങൾ നടപ്പാക്കുന്നതിലെ വീഴ്ചയാണ് രാജ്യത്ത് ഇത്രയും ഭീതിയുളവാക്കുന്ന സാഹചര്യത്തിന് ഇടയാക്കിയത്. ഇനി മുതൽ എല്ലാ ജില്ലാ തലത്തിലും പൂർണ്ണതോതിൽ പ്രവർത്തിക്കുന്ന ഒരു എബിസി സെൻ്റർ നിർബന്ധമായും ഉണ്ടായിരിക്കണം. ഒപ്പം ആൻ്റി റാബിസ് വാക്സിൻ ലഭ്യത അധികൃതർ കർശനമായി ഉറപ്പാക്കണമെന്നും കോടതി വിധിയിൽ പറയുന്നു.
ഏറ്റവും നിർണായകമായി, മനുഷ്യ ജീവന് ഭീഷണിയാകുന്ന തരത്തിലുള്ള അക്രമാസക്തരായ നായ്ക്കളെ കൊലപ്പെടുത്താമെന്നും കോടതി വ്യക്തമാക്കിയിട്ടുണ്ട്. ഈ സുപ്രീം കോടതി ഉത്തരവ് സംസ്ഥാനങ്ങൾ കൃത്യമായി നടപ്പാക്കുന്നുണ്ടോ എന്ന് അതത് ഹൈക്കോടതികൾ വിലയിരുത്തണം. ഇതിനായി ഹൈക്കോടതികളിൽ രണ്ടംഗ ബെഞ്ച് രൂപീകരിക്കണമെന്നും സുപ്രീംകോടതി ഉത്തരവിട്ടു.




