ആലപ്പുഴ: ദേശീയപാതയിൽ കാറും ബുള്ളറ്റും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ ബുള്ളറ്റ് യാത്രക്കാരനായ യുവാവ് തൽക്ഷണം മരിച്ചു. പള്ളിപ്പാട് സ്വദേശി ഖലീൽ (37) ആണ് മരിച്ചത്. കരിയിലക്കുളങ്ങര മാളിയേക്കൽ ജംഗ്ഷനിലെ പെട്രോൾ പമ്പിന് മുന്നിൽ ഇന്ന് ഉച്ചയ്ക്ക് 1.30ഓടെയായിരുന്നു അപകടം.
കരുനാഗപ്പള്ളിയിൽ നിന്ന് ആലപ്പുഴ ഭാഗത്തേക്ക് വരികയായിരുന്ന കാറും ഖലീൽ സഞ്ചരിച്ചിരുന്ന ബുള്ളറ്റുമാണ് കൂട്ടിയിടിച്ചത്. ബുള്ളറ്റ് ദേശീയപാതയിലേക്ക് പ്രവേശിക്കുന്നതിനിടെയായിരുന്നു അപകടം. ഇടിയുടെ ആഘാതത്തിൽ ബുള്ളറ്റ് രണ്ടായി പിളർന്നു. എൻജിൻ ഉൾപ്പെടെയുള്ള ഭാഗങ്ങൾ വേർപെട്ട് ഏകദേശം 50 മീറ്ററോളം അകലേക്ക് തെറിച്ചുവീണു. കാറിന്റെ മുൻഭാഗം പൂർണമായും തകർന്നു. കാറിലുണ്ടായിരുന്ന യുവാവിന് ചില്ലുകൾ തെറിച്ച് നിസാര പരിക്കേറ്റു.
ഹരിപ്പാട് ഹുദാ ട്രസ്റ്റ് സ്കൂളിലെ ഡ്രൈവറായിരുന്നു മരിച്ച ഖലീൽ. പനവേലിൽ മുബാറക്കിന്റെയും പരേതയായ ലൈലയുടെയും മകനാണ്. അപകടം പതിവായ മേഖലയാണ് ഇതെന്നും നാലുവരിപ്പാതയിലേക്ക് തുറന്നിട്ടിരിക്കുന്ന ഈ ഭാഗത്ത് ആവശ്യമായ സുരക്ഷാ ക്രമീകരണങ്ങൾ വേണമെന്നും നാട്ടുകാർ ആവശ്യപ്പെട്ടു.
മൃതശരീരം കായംകുളം ഗവൺമെന്റ് ആശുപത്രി മോർച്ചറിയിലേക്ക് മാറ്റി. ഭാര്യ ജസീറ. മക്കൾ ബിലാൽ, ഹബീൽ. ഖബറടക്കം നാളെ രാവിലെ 11ന് പടിഞ്ഞാറെമുട്ടം ജുമാ മസ്ജിദ് ഖബർസ്ഥാനിൽ നടക്കും.




