ആലപ്പുഴ ജില്ലയിൽ വീണ്ടും പക്ഷിപ്പനി സ്ഥിരീകരിച്ചു. ആലപ്പുഴ, ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലെ രോഗബാധിത മേഖലകളിൽ ഇന്ന് മുതൽ വളർത്തുപക്ഷികളെ കൊന്നൊടുക്കും. പത്തനംതിട്ട ജില്ലയിലെ നാല് പഞ്ചായത്തുകളിലും നടപടി ആരംഭിക്കും. മുൻകരുതൽ നടപടികളുടെ ഭാഗമായി 26,000-ത്തിലധികം വളർത്തുപക്ഷികളെയാണ് കൊന്നൊടുക്കാൻ തീരുമാനിച്ചിരിക്കുന്നത്.
ക്രിസ്മസ് അടുത്തിരിക്കെ താറാവ്, കോഴി ഫാമുകൾ നടത്തുന്ന കർഷകർക്ക് തീരുമാനം കനത്ത തിരിച്ചടിയാകും. രോഗബാധിത മേഖലകളിൽനിന്ന് ശേഖരിച്ച സാമ്പിളുകൾ പരിശോധിച്ചതിൽ ഏവിയൻ ഇൻഫ്ലുവൻസയുടെ H5N1 വകഭേദമാണ് സ്ഥിരീകരിച്ചത്.
പക്ഷിപ്പനി മനുഷ്യരിലേക്ക് പകരാൻ സാധ്യതയുള്ളതിനാൽ വ്യക്തിഗത സുരക്ഷ ഉറപ്പാക്കണമെന്ന് ആരോഗ്യവകുപ്പ് മുന്നറിയിപ്പ് നൽകി. പനി, ശക്തമായ ശരീരവേദന, ചുമ, ജലദോഷം, തൊണ്ടവേദന, ശ്വാസംമുട്ടൽ എന്നിവയാണ് പ്രധാന ലക്ഷണങ്ങൾ. കഫത്തിൽ രക്തം കാണപ്പെടുക, ഗുരുതരമായ ശ്വാസകോശ അണുബാധകൾ എന്നിവ അപകടസൂചനകളാണ്.
രോഗബാധ റിപ്പോർട്ട് ചെയ്ത മേഖലകളിൽ ഒരാഴ്ചത്തേക്ക് കോഴി, താറാവ്, മുട്ട, ഇറച്ചി എന്നിവയുടെ വിപണനത്തിനും കടത്തിനും നിരോധനം ഏർപ്പെടുത്തിയിട്ടുണ്ട്. ആലപ്പുഴ നഗരസഭയിലെ 13 വാർഡുകൾ ഉൾപ്പെടെ ഹരിപ്പാട്, മാവേലിക്കര നഗരസഭകളിലും വിവിധ ഗ്രാമപഞ്ചായത്തുകളിലുമാണ് പ്രതിരോധ നടപടികൾ.
അതേസമയം, കഴിഞ്ഞ തവണ പക്ഷിപ്പനി മൂലമുണ്ടായ നഷ്ടത്തിന് പ്രഖ്യാപിച്ച നഷ്ടപരിഹാരത്തുക പോലും ഇതുവരെ ലഭിച്ചിട്ടില്ലെന്നാണ് കർഷകരുടെ പരാതി. പുതിയ പ്രതിസന്ധി കൂടി വന്നതോടെ കടുത്ത ആശങ്കയിലാണ് കർഷകർ.




