കോഴിക്കോട് നഗരത്തിലെ അഴുക്കുചാലിൽ അതിഥി തൊഴിലാളി കുടുങ്ങിയ സംഭവത്തിലെ ദുരൂഹതകൾ നീങ്ങി. സുഹൃത്തുക്കളുമായി വഴക്കിട്ട് താൻ ഓടയിൽ ഒളിച്ചതാണെന്ന് ബംഗാൾ സ്വദേശിയായ അജയ് ഉറവ് പൊലീസിനോട് സമ്മതിച്ചു. സ്ലാബുകൾ ഇട്ട് പൂർണ്ണമായും മൂടിയ ഓടയ്ക്കുള്ളിൽ യുവാവ് എങ്ങനെ എത്തി എന്നതിനെക്കുറിച്ച് പോലീസിന് വലിയ രീതിയിൽ സംശയമുണ്ടായിരുന്നു. തുടർന്ന് നടത്തിയ ചോദ്യം ചെയ്യലിലാണ് നാടകീയമായ വിവരങ്ങൾ പുറത്തുവന്നത്.
കണ്ണൂരിലെ ജോലി സ്ഥലത്തേക്ക് ബംഗാളിൽ നിന്നും വരുന്നതിനിടെയാണ് സംഭവങ്ങളുടെ തുടക്കം. ട്രെയിൻ യാത്രയ്ക്കിടെ കൂടെയുണ്ടായിരുന്ന സുഹൃത്തുക്കളുമായി അജയ് വഴക്കിട്ടിരുന്നു. തുടർന്ന് ട്രെയിൻ കോഴിക്കോട് റെയിൽവെ സ്റ്റേഷനിൽ എത്തിയപ്പോൾ ഇയാൾ പുറത്തേക്ക് ഓടുകയായിരുന്നു. തന്നെ തിരഞ്ഞുപിടിക്കാൻ സുഹൃത്തുക്കൾ പിന്നാലെ വരുമെന്ന് ഭയന്നാണ് നഗരത്തിലെ ഓവുചാലിൽ കയറി ഒളിച്ചതെന്ന് അജയ് പോലീസിനോട് പറഞ്ഞു.
എന്നാൽ ഓടയ്ക്കുള്ളിൽ കയറിയ ശേഷം ഇയാൾക്ക് പിന്നീട് പുറത്തിറങ്ങാൻ കഴിഞ്ഞില്ല. ഇതോടെയാണ് ഓടയുടെ ചെറിയ വിടവിലൂടെ പുറത്തേക്ക് കയ്യിട്ട് ഇയാൾ സഹായം തേടിയത്. നടപ്പാതയിലൂടെ പോയ യാത്രക്കാരാണ് ഓടയിൽ നിന്ന് ഒരു കൈ പുറത്തേക്ക് നീളുന്നത് കണ്ട് പോലീസിനെയും ഫയർഫോഴ്സിനെയും വിവരമറിയിച്ചത്. സ്ലാബുകൾ പൂർണ്ണമായി മൂടിയ നിലയിലായിരുന്നതിനാൽ യുവാവ് അബദ്ധത്തിൽ വീഴാൻ ഒരു സാധ്യതയുമില്ലെന്ന് കണ്ട് ആദ്യം പോലീസ് ദുരൂഹത സംശയിച്ചിരുന്നു.
കോൺക്രീറ്റ് സ്ലാബുകൾ പൊളിച്ചു മാറ്റിയാൽ യുവാവിന് പരിക്കേൽക്കാൻ സാധ്യതയുണ്ടായിരുന്നതിനാൽ ഫയർഫോഴ്സ് അതീവ ജാഗ്രതയോടെയാണ് രക്ഷാപ്രവർത്തനം നടത്തിയത്. ഹൈഡ്രോളിക് സ്പ്രഡർ ഉപയോഗിച്ച് സ്ലാബുകൾ ഉയർത്തി മാറ്റിയാണ് അജയിനെ പുറത്തെത്തിച്ചത്. ശരീരമാകെ അഴുക്കു വെള്ളവും ചെളിയുമായിരുന്നെങ്കിലും ആരോഗ്യനില തൃപ്തികരമായിരുന്നു. ഇയാളെ ഉടൻ തന്നെ കോഴിക്കോട് ബീച്ച് ജനറൽ ആശുപത്രിയിൽ എത്തിച്ച് പ്രാഥമിക ചികിത്സ നൽകി.




