വയനാട് കുടുംബശ്രീയിൽ ആദിവാസി ക്ഷേമ ഫണ്ട് തട്ടിയെടുത്ത് വൻ സാമ്പത്തിക ക്രമക്കേട്. കേന്ദ്ര സർക്കാർ ആവിഷ്കരിച്ച ‘വാൻ ധൻ വികാസ് കേന്ദ്ര’ പദ്ധതിയിലാണ് 36 ലക്ഷത്തോളം രൂപയുടെ തട്ടിപ്പ് കണ്ടെത്തിയത്. അഴിമതിയുമായി ബന്ധപ്പെട്ട് സിപിഎം നേതാക്കൾ ഉൾപ്പെടെയുള്ള മൂന്ന് കുടുംബശ്രീ ജീവനക്കാരെ ജോലിയിൽ നിന്ന് പിരിച്ചുവിട്ടു. എട്ട് വിഡിവികെ കേന്ദ്രങ്ങളിലാണ് വ്യാപക ക്രമക്കേട് നടന്നിരിക്കുന്നത്.
ആദിവാസി വിഭാഗങ്ങളുടെ വരുമാനവും ജീവിതനിലവാരവും ഉയർത്തുന്നതിനായി കേന്ദ്ര സർക്കാർ ആവിഷ്കരിച്ച വാൻ ധൻ വികാസ് കേന്ദ്രകളുടെ ഫണ്ടിലാണ് ഉദ്യോഗസ്ഥർ കയ്യിട്ടത്. തട്ടിപ്പ് പുറത്തായതോടെ കുടുംബശ്രീ ജില്ലാ മിഷൻ ഓഫീസിൽ വിഡിവികെ പദ്ധതിയുമായി ബന്ധപ്പെട്ട ഫയലുകളോ രേഖകളോ ഇല്ലെന്ന ഞെട്ടിക്കുന്ന വിവരമാണ് പുറത്തുവരുന്നത്. ഇടപാടുകൾ നടത്തിയതിന്റെ ബില്ലുകളും വൗച്ചറുകളും കാണാനില്ലെന്നാണ് കുറ്റാരോപിതർ പറയുന്നത്.
തൊണ്ടർനാട്, മൂപ്പൈനാട്, മേപ്പാടി, പൊഴുതന എന്നീ പഞ്ചായത്തുകളിൽ വാൻ ധൻ വികാസ് കേന്ദ്രങ്ങൾ നിലവിലില്ല. എന്നാൽ, ഈ പഞ്ചായത്തുകളുടെ പേരിൽ പോലും ലക്ഷങ്ങളുടെ സാമ്പത്തിക ക്രമക്കേട് നടന്നിട്ടുണ്ടെന്നാണ് കണ്ടെത്തൽ. 2023 വരെയുള്ള കാലയളവിൽ എട്ട് കേന്ദ്രങ്ങളിൽ നിന്നായി അമ്പതുലക്ഷം രൂപയോളം പിൻവലിച്ചിട്ടുണ്ട്.
യഥാർത്ഥത്തിൽ ജീവനക്കാർ ചേർന്ന് സാമ്പത്തിക ക്രമക്കേട് നടത്തിയപ്പോൾ, പദ്ധതിയുടെ ചുമതലയിലുണ്ടായിരുന്ന പാവപ്പെട്ട ആദിവാസി വിഭാഗത്തിൽപ്പെട്ടവരാണ് ഇപ്പോൾ പ്രതിസ്ഥാനത്തായിരിക്കുന്നത്. സി.പി.എം നേതാക്കളായ ജീവനക്കാരുടെ രാഷ്ട്രീയ സ്വാധീനമാണ് രേഖകൾ മുക്കാനും ഫണ്ട് തട്ടിയെടുക്കാനും സഹായകരമായതെന്ന ആക്ഷേപവും ശക്തമാണ്. തട്ടിപ്പ് പുറത്തായതോടെയാണ് മൂന്ന് ജീവനക്കാരെ അടിയന്തരമായി പിരിച്ചുവിട്ടത്.
ഗോത്രവർഗ്ഗക്കാരുടെ ക്ഷേമത്തിനായി മാറ്റിവെച്ച തുക വ്യാജ ബില്ലുകളും വൗച്ചറുകളും ചമച്ച് തട്ടിയെടുത്ത സംഭവത്തിൽ സമഗ്രമായ അന്വേഷണം വേണമെന്ന ആവശ്യം ശക്തമാവുകയാണ്. കുടുംബശ്രീയിലെ രാഷ്ട്രീയ നിയമനങ്ങളും ഉദ്യോഗസ്ഥ അവിശുദ്ധ കൂട്ടുകെട്ടുമാണ് ഇത്രയും വലിയൊരു തട്ടിപ്പിലേക്ക് വഴിമാറിയത്.




