വയനാട്: കള്ളാടി തുരങ്കപാത നിർമാണ മേഖലയിലുണ്ടായ മണ്ണിടിച്ചിലിൽ നിർമാണ കമ്പനിയായ കൊങ്കൺ റെയിൽ കോർപ്പറേഷനെതിരെ ആരോപണവുമായി സർക്കാർ. പദ്ധതി പ്രദേശത്ത് കൂട്ടിയിട്ട മണ്ണ് നീക്കം ചെയ്യണമെന്ന് ദുരന്തനിവാരണ അതോറിറ്റിയും പൊതുമരാമത്ത് വകുപ്പും നേരത്തെ നിർദേശം നൽകിയിരുന്നുവെന്നും എന്നാൽ കരാറുകാർ ഇത് പാലിച്ചില്ലെന്നും മുഖ്യമന്ത്രി വി.ഡി. സതീശൻ ആരോപിച്ചു.
മണ്ണിടിച്ചിലിന് പിന്നാലെ കള്ളാടിയിൽ കൂട്ടിയിട്ട മണ്ണ് മാറ്റണമെന്ന് നിർദേശിച്ച യോഗത്തിന്റെ മിനുട്സ് പൊതുമരാമത്ത് വകുപ്പ് പുറത്തുവിട്ടു. ജൂൺ 25ന് ചേർന്ന അവലോകന യോഗത്തിൽ നൽകിയ നിർദേശങ്ങളിലൊന്നായി പദ്ധതി പ്രദേശത്ത് കുന്നുകൂടിയ മണ്ണ് കാരണം മഴക്കാലത്ത് അപകടസാധ്യത ഉണ്ടാകാമെന്ന് ചൂണ്ടിക്കാട്ടിയിരുന്നു.
മഴക്കാലത്ത് സോയിൽ പൈപ്പിങ്, സ്ലോപ്പ് സ്റ്റബിലിറ്റി തുടങ്ങിയ പ്രശ്നങ്ങൾ ഉണ്ടാകാനുള്ള സാധ്യത ഒഴിവാക്കാൻ ആവശ്യമായ മുൻകരുതലുകൾ സ്വീകരിക്കണമെന്നായിരുന്നു നിർദേശം.
കള്ളാടിയിലുണ്ടായത് സ്വാഭാവിക പ്രകൃതി ദുരന്തമല്ലെന്നും അശാസ്ത്രീയമായി കൂട്ടിയിട്ട മണ്ണ് ഇടിഞ്ഞുവീണുണ്ടായ മനുഷ്യനിർമിത ദുരന്തമാണെന്നും മന്ത്രി ടി. സിദ്ദിഖ് പറഞ്ഞു. മുന്നറിയിപ്പുകൾ നൽകിയിട്ടും നടപടി സ്വീകരിക്കാത്തതാണ് അപകടത്തിലേക്ക് നയിച്ചതെന്നും അദ്ദേഹം ആരോപിച്ചു.
സംഭവത്തിന്റെ പൂർണ ഉത്തരവാദിത്തം കൊങ്കൺ റെയിൽവേയ്ക്കാണെന്ന് പൊതുമരാമത്ത് മന്ത്രി പി.കെ. ബഷീർ പ്രതികരിച്ചു. അപകടത്തിന് കാരണമായ സാഹചര്യങ്ങൾ വിശദമായി പരിശോധിക്കുമെന്നും സർക്കാർ വ്യക്തമാക്കി.




