തൃശ്ശൂര്‍: തൃശ്ശൂര്‍ പൂരം പഴയ പെരുമയോടെ നടത്തുമെന്ന് കേന്ദ്രമന്ത്രി സുരേഷ്‌ഗോപി. ഇത് ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്. പൂരം നടത്തിപ്പുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനായി കേന്ദ്രമന്ത്രിയുടെ നേതൃത്വത്തില്‍ യോഗം വിളിച്ചതിന് പിന്നാലെയാണ് പ്രതികരണം. കളക്ടറേറ്റില്‍ നിലവില്‍ യോഗം പുരോഗമിക്കുകയാണ്.
ഒരു ചെറിയ സംഘര്‍ഷംപോലുമില്ലാതെ തൃശ്ശൂര്‍ പൂരം മനോഹരമായി നടത്തിയിരുന്ന, അത് കണ്ട് ആസ്വാദിച്ചിരുന്ന ഒരുകാലം നമുക്ക് ഉണ്ടായിരുന്നു. എന്നാല്‍, കഴിഞ്ഞ തവണ ഹിതകരമല്ലാത്ത ചില സംഭവങ്ങളുണ്ടായി. പൂരം ജനങ്ങളുടേയും പൂരപ്രേമികളുടേയും അവകാശമാണ്.
ജനങ്ങളുടെ ഉത്സവമായി പൂരത്തെ മാറ്റണം. ഇക്കാര്യം കേന്ദ്രമന്ത്രി പിയൂഷ് ഗോയലിനോട് പറഞ്ഞപ്പോള്‍ അദ്ദേഹം ഒരു സംഘത്തെ തന്നെ അയച്ചിട്ടുണ്ട്. സ്‌ഫോടക വസ്തുക്കളും ശബ്ദവുംവെളിച്ചവും മറ്റുമായി ബന്ധപ്പെട്ട വിദഗ്ധര്‍ എന്നിവരെയൊക്കെ അയച്ചിട്ടുണ്ടെന്നും സുരേഷ്‌ഗോപി പറഞ്ഞു.