കോഴിക്കോട് പനി ബാധിച്ച് രണ്ട് അസ്വാഭാവിക മരണമുണ്ടായതിനെ തുടര്‍ന്ന് കോഴിക്കോട് ജില്ലയില്‍ ആരോഗ്യ ജാഗ്രത. നിപ ഉള്‍പ്പെടെ സംശയിക്കുന്ന സാഹചര്യത്തിലാണ് ജാഗ്രതാ നിര്‍ദേശം നല്‍കിയിരിക്കുന്നത്. പനി ബാധിച്ച് മരിച്ച ഒരാളുടെ ബന്ധുക്കളും ഇപ്പോള്‍ തീവ്ര പരിചരണവിഭാഗത്തില്‍ ചികിത്സയിലാണ്. ആരോഗ്യമന്ത്രി വീണാ ജോര്‍ജിന്റെ നേതൃത്വത്തില്‍ ഉന്നതതല യോഗം ചേര്‍ന്നു. (Nipah suspected in Kozhikode, Health vigilance)കോഴിക്കോട് ജില്ലയിലെ സ്വകാര്യ ആശുപത്രിയിലാണ് രണ്ട് മരണങ്ങളും റിപ്പോര്‍ട്ട് ചെയ്തത്. മുന്‍പ് നിപ റിപ്പോര്‍ട്ട് ചെയ്ത പേരാമ്പ്രയില്‍ തന്നെയാണ് ഇപ്പോള്‍ രണ്ട് മരണങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത്. അസ്വാഭാവിക മരണത്തിന്റെ കാരണം സംബന്ധിച്ച് നാളെ വ്യക്തത വരുത്താനാകുമെന്നാണ് ആരോഗ്യ വകുപ്പ് പ്രതീക്ഷിക്കുന്നത്. നിപ സംശയിക്കുന്ന നാലുപേര്‍ ചികിത്സയിലുണ്ടെന്നാണ് വിവരം.വവ്വാലില്‍ നിന്ന് നിപ പകരുമെന്നതിനാല്‍ നിപ സംശയിക്കുന്ന പശ്ചാത്തലത്തില്‍ പക്ഷികള്‍ ഭക്ഷിച്ച പഴങ്ങള്‍ കഴിയ്ക്കരുതെന്ന് ഉള്‍പ്പെടെ നിര്‍ദേശമുണ്ട്. പനി ലക്ഷണങ്ങള്‍ ഉണ്ടെങ്കില്‍ സ്വയം ചികിത്സ ഒഴിവാക്കണം. ജില്ലയില്‍ റിപ്പോര്‍ട്ട് ചെയ്യുന്ന ഓരോ പനി കേസും പ്രത്യേകം നിരീക്ഷണമെന്ന നിര്‍ദേശവും ആരോഗ്യവകുപ്പിന് മുന്നിലുണ്ട്. സ്ഥിതിഗതികള്‍ വിലയിരുത്തി നാളെ ജില്ലാ മെഡിക്കല്‍ ഓഫിസര്‍ ആരോഗ്യമന്ത്രിക്ക് റിപ്പോര്‍ട്ട് കൈമാറും. പനിയ്‌ക്കൊപ്പം തലവേദന, ഛര്‍ദി എന്നിവയുള്ളവര്‍ പ്രത്യേകം ശ്രദ്ധിക്കണം. പനി ബാധിച്ചവരെ ചികിത്സിക്കുന്ന ആരോഗ്യ പ്രവര്‍ത്തകരും പ്രത്യേകം ശ്രദ്ധിക്കണമെന്നും ഇന്ന് ചേര്‍ന്ന യോഗത്തില്‍ നിര്‍ദേശമുയര്‍ന്നു.