പാലക്കാട്: പാലക്കാട്–കോഴിക്കോട് ദേശീയപാതയിൽ മുണ്ടൂരിൽ ടോൾ ബൂത്ത് നിർമ്മിക്കാനുള്ള നീക്കത്തിനെതിരെ പ്രതിഷേധം ശക്തമാകുന്നു. മൈലംപുള്ളിയിലെ നിർമ്മാണ സ്ഥലത്ത് ഡിവൈഎഫ്‌ഐ പ്രവർത്തകർ ഉപരോധസമരം നടത്തി. പ്രതിഷേധക്കാരെ പൊലീസ് അറസ്റ്റ് ചെയ്ത് നീക്കി.
അശാസ്ത്രീയ നിർമാണം മൂലം സ്ഥിരം അപകടങ്ങൾ നടക്കുന്ന റോഡിൽ ടോൾ പിരിവ് അനുവദിക്കരുതെന്നാണ് നാട്ടുകാരുടെയും സമരക്കാരുടെയും ആവശ്യം. രണ്ട് വരിപ്പാതയിൽ ടോൾ പിരിവ് നടത്തുന്നത് അസാധാരണ നടപടിയാണെന്നും പ്രതിഷേധക്കാർ ചൂണ്ടിക്കാട്ടുന്നു.
ദേശീയപാത 966ലെ മൈലംപുള്ളിയിലാണ് പുതിയ ടോൾ പ്ലാസയുടെ നിർമ്മാണം അധികൃതർ വേഗത്തിലാക്കുന്നത്. 200 കോടിയിലധികം രൂപ ചെലവിൽ നാട്ടുകൽ–താണാവ് പാത വികസനം പൂർത്തിയാക്കിയതിന്റെ ഭാഗമായാണ് ഇവിടെ ടോൾ ഏർപ്പെടുത്താൻ ദേശീയപാത അതോറിറ്റി ഒരുങ്ങുന്നത്.
നേരത്തെ മുണ്ടൂർ ഐ.ആർ.ടി.സിക്ക് സമീപം ടോൾ ബൂത്ത് സ്ഥാപിക്കാനായിരുന്നു പദ്ധതി. ഇതിനായി സ്ഥലമേറ്റെടുക്കുകയും പാത നവീകരിക്കുകയും ചെയ്തിരുന്നു. എന്നാൽ സമീപത്തെ ചെർപ്പുളശ്ശേരി പാതയിലൂടെ പോകുന്നവർക്കും ടോൾ നൽകേണ്ട സാഹചര്യം ഉണ്ടാകുമെന്നതിനെതിരെ ശക്തമായ ജനകീയ പ്രതിഷേധം ഉയർന്നതോടെ പദ്ധതി നിർത്തിവെക്കുകയായിരുന്നു.
മൂന്ന്–നാല് വർഷങ്ങൾക്ക് ശേഷമാണ് ടോൾ പ്ലാസയുടെ പദ്ധതി മൈലംപുള്ളിയിലേക്ക് മാറ്റിയത്. എന്നാൽ നാട്ടുകാരുടെ ആവശ്യങ്ങൾ പരിഗണിക്കാതെയാണ് പദ്ധതി പുനരാരംഭിക്കുന്നതെന്ന് ടോൾ വിരുദ്ധ സമിതി ആരോപിക്കുന്നു.
റോഡ് വികസനത്തിന് കോടികൾ ചെലവഴിച്ചെങ്കിലും ആവശ്യമായ ശാസ്ത്രീയ മാനദണ്ഡങ്ങൾ പാലിച്ചിട്ടില്ലെന്നും പല ഭാഗങ്ങളിലും ആവശ്യത്തിന് സ്ഥലം പോലും ഏറ്റെടുത്തിട്ടില്ലെന്നും സമരക്കാർ ആരോപിച്ചു. റോഡിലെ അശാസ്ത്രീയ വളവുകളും മറ്റ് തകരാറുകളും അപകടങ്ങൾക്ക് കാരണമാകുന്നുവെന്നും ഇവർ പറയുന്നു.
ഒരു കാരണവശാലും ഇവിടെ ടോൾ ബൂത്ത് അനുവദിക്കില്ലെന്നും, നിർമ്മാണവുമായി മുന്നോട്ടുപോയാൽ ശക്തമായ പ്രതിഷേധം തുടരുമെന്നും ഡിവൈഎഫ്‌ഐ പ്രവർത്തകർ മുന്നറിയിപ്പ് നൽകി. വരും ദിവസങ്ങളിൽ വിവിധ രാഷ്ട്രീയ പാർട്ടികളും ബഹുജന സംഘടനകളും പ്രതിഷേധം ശക്തമാക്കാനുള്ള ഒരുക്കത്തിലാണ്.




