തൃശൂർ: കിള്ളിമംഗലം സ്വദേശിയെ വടക്കാഞ്ചേരിയിലെ വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മരിച്ച നിലയിൽ കണ്ടെത്തി. 52 വയസുകാരനായ ബാബുവിനെയാണ് ദുരൂഹ സാഹചര്യത്തിൽ മരിച്ച നിലയിൽ കണ്ടെത്തിയത്.
മുണ്ടൂർ ഭാഗത്ത് റോഡ് നിർമാണവുമായി ബന്ധപ്പെട്ട് ഡ്രൈവറായി ജോലി ചെയ്തുവരികയായിരുന്നു ബാബു. കഴിഞ്ഞ ദിവസം ഉച്ചയോടെ ജോലിസ്ഥലത്തുനിന്ന് കാണാതായതിനെ തുടർന്ന് സഹപ്രവർത്തകർ പേരാമംഗലം പൊലീസിൽ പരാതി നൽകിയിരുന്നു.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ ബാബു ഉപയോഗിച്ചിരുന്ന വാഹനം വട്ടായി മേഖലയിൽ ഉപേക്ഷിച്ച നിലയിൽ കണ്ടെത്തി. ഇതിന് പിന്നാലെ പൊലീസ്, നാട്ടുകാർ, ബന്ധുക്കൾ, സഹപ്രവർത്തകർ എന്നിവർ നടത്തിയ തിരച്ചിലിലാണ് വനമേഖലയിൽ കത്തിക്കരിഞ്ഞ നിലയിൽ മൃതദേഹം കണ്ടെത്തിയത്.
സംഭവത്തിൽ പേരാമംഗലം പൊലീസ് അന്വേഷണം ആരംഭിച്ചു. മരണകാരണം ഉൾപ്പെടെയുള്ള കാര്യങ്ങൾ അന്വേഷണത്തിനൊടുവിൽ മാത്രമേ വ്യക്തമാകൂ.




