മലപ്പുറം: മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ ഉൾപ്പെട്ട എം.ഡി.എം.എ കേസിൽ വീണ്ടും ലഹരിവസ്തു കണ്ടെടുത്തു. അറസ്റ്റിലായ റീനയുടെ വീട്ടിലെത്തിയ പൊലീസ് നടത്തിയ പരിശോധനയിലാണ് എം.ഡി.എം.എ കണ്ടെത്തിയത്. മതിലിൽ ഇടിച്ച നിലയിൽ കണ്ടെത്തിയ കാറിൽ നിന്നാണ് ലഹരിവസ്തു കണ്ടെടുത്തതെന്നാണ് പൊലീസ് പറയുന്നത്.
കേസിൽ മമ്പാട് എം.ഇ.എസ് കോളജ് അധ്യാപകൻ സുഹൈൽ പെരിങ്ങോടനും സുഹൃത്തുക്കളായ റീന ടി.എൻ, വിവേക് വിജയൻ, സുബ്രഹ്മണ്യൻ എന്നിവരുമാണ് അറസ്റ്റിലായത്.
നിലമ്പൂരിലും സമീപ പ്രദേശങ്ങളിലും വിദ്യാർഥികൾക്ക് എം.ഡി.എം.എ എത്തിച്ചുനൽകിയിരുന്ന സംഘമാണ് പിടിയിലായതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. ജില്ലാ പൊലീസ് മേധാവിക്ക് ലഭിച്ച രഹസ്യവിവരത്തിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിൽ സുബ്രഹ്മണ്യനിൽ നിന്ന് 0.4 ഗ്രാം എം.ഡി.എം.എയും 0.5 ഗ്രാം കഞ്ചാവും ആദ്യം പിടികൂടിയിരുന്നു.
തുടർന്നുള്ള അന്വേഷണത്തിലാണ് അധ്യാപകനായ സുഹൈൽ, വിവേക്, റീന എന്നിവരിലേക്കും പൊലീസ് എത്തിയത്. അധ്യാപകൻ പഠിപ്പിച്ചിരുന്ന വിദ്യാർഥികൾക്ക് എം.ഡി.എം.എ നൽകിയിരുന്നോ, കേസിൽ കൂടുതൽ പേർക്ക് പങ്കുണ്ടോ തുടങ്ങിയ കാര്യങ്ങളിൽ അന്വേഷണം തുടരുകയാണ്.




