കോഴിക്കോട്: സംസ്ഥാനത്തെ വിവിധ ജില്ലകളിലെ ക്ഷേത്ര ഭണ്ഡാരങ്ങളും ഓഫീസ് മുറികളും കുത്തിത്തുറന്ന് മോഷണം നടത്തിയെന്ന കേസുകളിൽ പ്രതിയായ ‘ഭണ്ഡാരം സജീഷ്’ പിടിയിൽ. മലപ്പുറം എടപ്പാൾ കാലടി സ്വദേശി കൊട്ടാരപ്പാട്ട് സജീഷ് (44) ആണ് കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡും എലത്തൂർ പൊലീസും ചേർന്ന് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു.
കുണ്ടൂപ്പറമ്പ് കൊറ്റിയാടത്ത് ഭഗവതി ക്ഷേത്രം, അങ്കക്കളരി ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ കഴിഞ്ഞ ദിവസം പുലർച്ചെ മോഷണം നടന്നിരുന്നു. പൂളാടിക്കുന്ന് കല്ലിടുക്കിൽ ഭഗവതി ക്ഷേത്രം, മാട്ടുപ്പിലാവ് ഭഗവതി ക്ഷേത്രം എന്നിവിടങ്ങളിൽ ഈ മാസം 12ന് നടന്ന മോഷണവും ഒരേ വ്യക്തിയാണ് നടത്തിയതെന്ന് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചതിൽനിന്ന് പൊലീസിന് സൂചന ലഭിച്ചു. ശാസ്ത്രീയ തെളിവുകളുടെ അടിസ്ഥാനത്തിൽ സജീഷാണ് മോഷണത്തിന് പിന്നിലെന്ന് സ്ഥിരീകരിച്ചതായി പൊലീസ് അറിയിച്ചു.
പ്രതി മൈസൂരിലേക്ക് കടന്നതായി കണ്ടെത്തിയതിനെ തുടർന്ന് ക്രൈം സ്ക്വാഡ് വിവരം വയനാട് പൊലീസിന് കൈമാറി. തുടർന്ന് നടത്തിയ അന്വേഷണത്തിലാണ് ഇയാളെ കണ്ടെത്തി അറസ്റ്റ് ചെയ്തത്.
തൃശ്ശൂർ, പാലക്കാട്, മലപ്പുറം, കോഴിക്കോട് ജില്ലകളിലെ വിവിധ പൊലീസ് സ്റ്റേഷനുകളിലായി ബൈക്ക് മോഷണം, ക്ഷേത്ര ഭണ്ഡാരങ്ങൾ കുത്തിത്തുറന്നുള്ള മോഷണം, വീട് കുത്തിത്തുറന്ന് സ്വർണമാല മോഷ്ടിക്കൽ, കൂറ്റനാട് സബ് ട്രഷറി കുത്തിത്തുറന്നുള്ള മോഷണശ്രമം തുടങ്ങിയ കേസുകൾ സജീഷിനെതിരെയുണ്ടെന്ന് പൊലീസ് വ്യക്തമാക്കി.
എലത്തൂർ ഇൻസ്പെക്ടർ ജിതേഷ്, എസ്ഐ നിമിൻ കെ. ദിവാകരൻ എന്നിവരുടെ നേതൃത്വത്തിലുള്ള പൊലീസ് സംഘവും കോഴിക്കോട് സിറ്റി ക്രൈം സ്ക്വാഡ് അംഗങ്ങളും ചേർന്നാണ് അന്വേഷണം നടത്തിയത്.




