സംതൃപ്തിയോടെ ശബരിമല മണ്ഡലകാലം തുടരുന്നു. ഇതുവരെ എത്തിയ തീര്‍ത്ഥാടകരുടെ എണ്ണം എട്ടര ലക്ഷം കടന്നു. 75458 തീര്‍ഥാടകരാണ് ഇന്നലെ മാത്രം മല ചവിട്ടിയത്. കഴിഞ്ഞ ദിവസം മല ചവിട്ടിയവരില്‍ 12471 തീര്‍ത്ഥാടകര്‍ സ്‌പോട്ട് ബുക്കിംഗ് മുഖേനെ എത്തിയവരായിരുന്നു. ശബരിമലയില്‍ എത്തുന്ന എല്ലാവര്‍ക്കും ദര്‍ശനം ഉറപ്പാക്കും എന്ന ദേവസ്വം വകുപ്പ് അറിയിച്ചിരുന്നു.
ഇത്തവണ ശബരിമല തീര്‍ഥാടനത്തോടനുബന്ധിച്ച് ഒരുക്കിയത് പരാതികള്‍ക്ക് ഇടനല്‍കാത്ത സജ്ജീകരണങ്ങളെന്നും തീര്‍ഥാടകരില്‍ നിന്നും ലഭിക്കുന്ന സംതൃപ്തിയാര്‍ന്ന പ്രതികരണങ്ങള്‍ അതിന്റെ തെളിവാണെന്നും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി.എസ്. പ്രശാന്ത് കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മികച്ച രീതിയില്‍ പദ്ധതികള്‍ ആസൂത്രണം ചെയ്താണ് സന്നിധാനത്ത് ഇത്തവണത്തെ മുന്നൊരുക്കങ്ങളെ വിജയകരമാക്കിയതെന്നും ഇത് കൂട്ടായ്മയുടെ വിജയമാണെന്നും അദ്ദേഹം വ്യക്തമാക്കി.