ഓണക്കാലത്ത് അവശ്യസാധനങ്ങളുടെ വിലക്കയറ്റത്തിനിടെ പഞ്ചസാര വിലയും കുതിച്ചുയരുന്നു.
കിലോയ്ക്ക് 75 രൂപ വരെയാണ് നിലവിൽ പഞ്ചസാരയുടെ വില. ഓഗസ്റ്റ് ഏഴിന് ശേഷമുള്ള 12 ദിവസത്തിനിടെ വിലയിൽ 19 മുതൽ 21 ശതമാനം വരെ വർധനയുണ്ടായെന്നാണ് റിപ്പോർട്ട്.
പഞ്ചസാരയുടെ ഉത്പാദനത്തിലുണ്ടായ ഇടിവാണ് വില വർധനയ്ക്കുള്ള പ്രധാന കാരണമെന്ന് കാർഷിക സാമ്പത്തിക വിദഗ്ധൻ പ്രൊഫസർ അശോക് ഗുലാത്തി പറഞ്ഞു. കരുതൽ ശേഖരം കുറഞ്ഞതും പ്രതിസന്ധി രൂക്ഷമാക്കി.
എട്ട് മില്യൺ ടണ്ണായിരുന്ന പഞ്ചസാരയുടെ കരുതൽ ശേഖരം അഞ്ച് മില്യൺ ടണ്ണായി കുറഞ്ഞതാണ് വിതരണത്തെ ബാധിച്ചത്. ഇതിന് പുറമെ പെട്രോളിൽ കലർത്തുന്നതിനുള്ള എഥനോൾ ഉത്പാദനത്തിനായി കരിമ്പിന്റെ ഉപയോഗം വർധിച്ചതും പഞ്ചസാര ഉത്പാദനത്തെ ബാധിച്ചതായി ഗുലാത്തി ചൂണ്ടിക്കാട്ടി.
പഞ്ചസാരയുടെ കരുതൽ ശേഖരം കുറയുന്ന സാഹചര്യം സർക്കാർ മാസങ്ങൾക്ക് മുൻപേ തിരിച്ചറിഞ്ഞ് നടപടി സ്വീകരിക്കേണ്ടിയിരുന്നുവെന്നാണ് വിമർശനം. നാല് മുതൽ അഞ്ച് മാസം മുൻപെങ്കിലും സർക്കാർ ഇടപെടേണ്ടിയിരുന്നുവെന്നും ഗുലാത്തി പറഞ്ഞു.
2025-26 സീസണിൽ 343.5 ലക്ഷം ടൺ പഞ്ചസാര ഉത്പാദനമാണ് പ്രതീക്ഷിച്ചിരുന്നത്. എന്നാൽ ഉത്പാദനം 309 ലക്ഷം ടണ്ണിലേക്ക് താഴ്ന്നു.
മഹാരാഷ്ട്ര, ഉത്തർപ്രദേശ് തുടങ്ങിയ പ്രധാന കരിമ്പ് ഉത്പാദക സംസ്ഥാനങ്ങളിലുണ്ടായ കനത്ത മഴയും കരിമ്പ് കൃഷിയെ ബാധിച്ചു. ഇതും പഞ്ചസാര ഉത്പാദനത്തിലെ ഇടിവിന് കാരണമായി.
ഉത്പാദനം കുറഞ്ഞതും കരുതൽ ശേഖരം താഴ്ന്നതും വിപണിയിലെ ലഭ്യതയെ ബാധിച്ചതോടെ ഓണക്കാലത്ത് പഞ്ചസാര വില ഇനിയും ഉയരുമോ എന്ന ആശങ്കയിലാണ് ഉപഭോക്താക്കൾ.
വിലക്കയറ്റം നേരത്തെ തിരിച്ചറിഞ്ഞ് മുൻകരുതൽ നടപടി സ്വീകരിച്ചിരുന്നെങ്കിൽ പ്രതിസന്ധി ഒഴിവാക്കാമായിരുന്നുവെന്ന വിമർശനവും ഇതിനിടെ ശക്തമാകുകയാണ്.




