സൈബർ ഭീകരാക്രമണ കേസിൽ അഞ്ച് സംസ്ഥാനങ്ങളിൽ റെയ്ഡ് നടത്തി ദേശീയ അന്വേഷണ ഏജൻസി.
മഹാരാഷ്ട്രയിലെ ജുന്നാർ, ഗുജറാത്തിലെ നഡിയാദ്, തെലങ്കാനയിലെ രാമഗുണ്ടം, ബിഹാറിലെ ഗോപാൽഗഞ്ച്, ഡൽഹി എന്നിവിടങ്ങളിലാണ് ഇന്നലെ പരിശോധന നടന്നത്.
54 കേന്ദ്ര സർക്കാർ വെബ്സൈറ്റുകളെ ലക്ഷ്യമിട്ട് നടത്തിയ സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട കേസിലാണ് നടപടി.
ഓപ്പറേഷൻ സിന്ദൂർ സമയത്തടക്കം നടന്ന സൈബർ ആക്രമണങ്ങളുമായി ബന്ധപ്പെട്ട അന്വേഷണത്തിന്റെ ഭാഗമായാണ് റെയ്ഡ്.
പരിശോധനയിൽ മൂന്ന് ലാപ്ടോപ്പുകളും അഞ്ച് മൊബൈൽ ഫോണുകളും പെൻഡ്രൈവുകൾ ഉൾപ്പെടെയുള്ള ഡിജിറ്റൽ ഉപകരണങ്ങളും നിർണായക രേഖകളും പിടിച്ചെടുത്തതായി എൻഐഎ അറിയിച്ചു.
ഹാക്കിങ് പ്രവർത്തനങ്ങൾക്ക് പിന്നിലെ നിർണായക വിവരങ്ങൾ ലഭിക്കുമെന്ന പ്രതീക്ഷയിലാണ് പിടിച്ചെടുത്ത ഉപകരണങ്ങൾ വിശദമായി പരിശോധിക്കുന്നത്.
കേസിൽ നേരത്തെ രണ്ട് പേരെ അറസ്റ്റ് ചെയ്തിരുന്നു. ഇവരിൽ നിന്ന് ലഭിച്ച വിവരങ്ങളുടെ അടിസ്ഥാനത്തിൽ ഹാക്കിങ് പ്രവർത്തനങ്ങൾക്ക് സഹായം നൽകിയവരെ കേന്ദ്രീകരിച്ചാണ് നിലവിലെ അന്വേഷണം പുരോഗമിക്കുന്നത്.
പിടിച്ചെടുത്ത ഡിജിറ്റൽ ഉപകരണങ്ങളിൽ നിന്നും രേഖകളിൽ നിന്നും കൂടുതൽ വിവരങ്ങൾ കണ്ടെത്താനുള്ള നടപടികളും എൻഐഎ ആരംഭിച്ചിട്ടുണ്ട്.




