ഭൂമിയുടെ അടിത്തട്ടില്‍ രൂപപ്പെട്ടിരിക്കുന്ന ഹൈഡ്രജന്‍ ശേഖരങ്ങള്‍, 1,70,000 വര്‍ഷത്തേക്ക് ലോകത്തിന്റെ ഇന്ധന ആവശ്യങ്ങള്‍ നിറവേറ്റാന്‍ പര്യാപ്തമായതാണെന്ന് പഠനം. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍, പ്രത്യേകിച്ച് അമേരിക്കയിലെ 30-ലധികം സംസ്ഥാനങ്ങളിലും ഇത്തരത്തിലുള്ള ഹൈഡ്രജന്‍ ശേഖരങ്ങള്‍ ഉണ്ടെന്നാണ് പഠനം സൂചിപ്പിക്കുന്നത്.
ഓക്സ്ഫോര്‍ഡ് സര്‍വകലാശാലയിലെ ജിയോകെമിസ്ട്രി വിഭാഗം അധ്യക്ഷന്‍ പ്രൊഫസര്‍ ക്രിസ് ബല്ലന്റൈന്‍ നയിച്ച ഗവേഷകസംഘമാണ് പുതിയ കണ്ടെത്തലിന് പിന്നില്‍. ‘Nature Reviews Earth and Environment’ എന്ന പ്രമുഖ ശാസ്ത്രീയ ജേര്‍ണലിലാണ് ഈ പഠനം പ്രസിദ്ധീകരിച്ചത്.
പാറയും ജലവും തമ്മിലുള്ള സ്വാഭാവിക രാസപ്രവര്‍ത്തനങ്ങളിലൂടെയാണ് ഹൈഡ്രജന്‍ ഉത്പാദനം നടക്കുന്നത്. ഈ പ്രകൃതിദത്ത ഹൈഡ്രജന്‍ ശേഖരങ്ങള്‍ കാര്‍ബണ്‍ മുക്ത ഊര്‍ജ ഭാവിയിലേക്ക് കടക്കാനുള്ള സാധ്യതകള്‍ക്ക് വഴിയൊരുക്കുന്നു.
അമേരിക്കയിലെ കാന്‍സസ് സംസ്ഥാനത്തുള്ള ‘മിഡ് കോണ്ടിനന്റല് റിഫ്റ്റ്’ എന്ന ബസാള്‍ട്ട് പാറകളുടെ വിപുലമായ സമുച്ചയം, സ്വാഭാവിക ഹൈഡ്രജന്‍ ഉല്‍പ്പാദനത്തിന് ഏറ്റവും അനുയോജ്യമായ ജിയോളജിക്കല്‍ ഘടനകളിലൊന്നായി ശാസ്ത്രജ്ഞര്‍ കണക്കാക്കുന്നു. സമീപകാലത്ത് അല്‍ബേനിയയിലും പടിഞ്ഞാറന്‍ ആഫ്രിക്കയിലും, ക്രോമിയം ഖനനപ്രവര്‍ത്തനങ്ങളുമായി ബന്ധപ്പെട്ട് ഭൂമിയടിയില് വന്‍തോതില്‍ ഹൈഡ്രജന്‍ ശേഖരങ്ങള്‍ ഉള്ളതായി കണ്ടെത്തിയിരുന്നു.
ഇപ്പോള്‍ ഹൈഡ്രജന്‍ പ്രധാനമായും ഹൈഡ്രോകാര്‍ബണുകളില്‍ നിന്ന് ഉത്പാദിപ്പിക്കുന്നതിനാല്‍ കാര്‍ബണ്‍ ഡൈഓക്സൈഡ് വലിയ തോതില്‍ ഉണ്ടാകുന്നു. എന്നാല്‍, ഭൂമിയിലെ സ്വാഭാവികമായി രൂപപ്പെട്ട ഹൈഡ്രജന്‍ ശേഖരങ്ങള്‍ ഉപയോഗിച്ചാല്‍, പരിസ്ഥിതി സൗഹൃദവും കുറഞ്ഞ കാര്‍ബണ്‍ ഉല്പാദനമുള്ളതുമായ ഊര്ജമാര്ഗത്തിലേക്ക് മാറാന്‍ സാധിക്കുമെന്ന് ശാസ്ത്രജ്ഞര്‍ പറയുന്നു.
മെത്തനോള്‍, അമോണിയ തുടങ്ങിയ വ്യാവസായിക രാസവസ്തുക്കളുടെ നിര്‍മ്മാണത്തിനും, വാഹനങ്ങള്‍ക്കും വൈദ്യുത ഉത്പാദനത്തിനും പുനരുപയോഗ ഇന്ധനമായി ഹൈഡ്രജന്‍ ഉപയോഗിക്കപ്പെടുന്നു. ഭൂമിയുടെ അടിത്തട്ടില്‍ സ്വാഭാവികമായി നിലനില്‍ക്കുന്ന ഈ ഹൈഡ്രജന്‍ ശേഖരങ്ങളെ കണ്ടെത്തി ഫലപ്രദമായി ഉപയോഗിക്കാന്‍ കഴിയുമെങ്കില്‍, അത് ആഗോള ഊര്‍ജ വിപ്ലവത്തിലേക്കുള്ള ഒരു നിര്‍ണായക മുന്നേറ്റമാകുമെന്ന് ഗവേഷകര്‍ വിലയിരുത്തുന്നു.
ലോകത്തെങ്ങും ഹൈഡ്രജന്‍ ഇന്ധനവുമായി ബന്ധപ്പെട്ട പരീക്ഷണങ്ങള്‍ പുരോഗമിക്കുകയാണ്. ധാരാളമായി ലഭ്യമാണെന്നതും, ലൈറ്റ് ആയ പ്രകൃതവും ഒരു ഇന്ധനമെന്ന നിലയില്‍ ഹൈഡ്രജന്‍ കാര്യക്ഷമത നല്കുന്നു. ഓയില്‍ ആന്‍ഡ് ഗ്യാസ് എന്നിവയ്ക്ക് പകരമായി ഹൈഡ്രജന്‍ ഉപയോഗിക്കുന്നതിനുള്ള ശ്രമങ്ങളാണ് നടക്കുന്നത്.