ദില്ലി: വിവിധ സംസ്ഥാനങ്ങളില്‍ കൊവിഡ് കേസുകള്‍ വര്‍ധിക്കുന്ന പശ്ചാത്തലത്തില്‍ സ്ഥിതി സൂക്ഷ്മമായി നിരീക്ഷിക്കുകയാണെന്ന് കേന്ദ്രസര്‍ക്കാര്‍ വൃത്തങ്ങള്‍. വിവിധ സംസ്ഥാനങ്ങളിലായി മുന്‍കരുതല്‍ നടപടികള്‍ ശക്തമാക്കിയിട്ടുണ്ട്. പല സംസ്ഥാനങ്ങളിലും കൊവിഡ് കേസുകള്‍ ഉയരുന്നതായി റിപ്പോര്‍ട്ടുകളുണ്ടെങ്കിലും പുതിയ കണക്കുകള്‍ കേന്ദ്ര ആരോഗ്യമന്ത്രാലയം ഡാഷ് ബോര്‍ഡില്‍ ഉള്‍പ്പെടുത്തിയിട്ടില്ല. തിങ്കളാഴ്ച വരെയുള്ള കണക്കുകള്‍ മാത്രമണ് ഡാഷ് ബോര്‍ഡില്‍ ചേര്‍ത്തിട്ടുള്ളത്. രാജ്യത്താകെയുള്ള രോഗ വ്യാപനം സംബന്ധിച്ച പുതിയ കണക്ക് മന്ത്രാലയം ഇന്ന് പുറത്തുവിട്ടേക്കും.
കേരളം കൂടാതെ മഹാരാഷ്ട്ര, കര്‍ണാടക, ഹരിയാന, പഞ്ചാബ്, അരുണാചല്‍ പ്രദേശ് എന്നീ സംസ്ഥാനങ്ങളില്‍ പുതിയ കേസുകള്‍ റിപ്പോര്‍ട്ട് ചെയ്തു. കേരളത്തില്‍ 519 ആക്ടീവ് കൊവിഡ് കേസുകളും, 3 മരണവും ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ടെന്നാണ് ആരോഗ്യ മന്ത്രി ഇന്നലെ പറഞ്ഞത്. മഹാരാഷ്ട്രയില്‍ 86 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകള്‍ 383 ആയി. 6 കൊവിഡ് മരണങ്ങളും മഹാരാഷ്ട്രയില്‍ ഇതുവരെ റിപ്പോര്‍ട്ട് ചെയ്തിട്ടുണ്ട്. ചണ്ഡീഗഡില്‍ നാല്‍പത് വയസുള്ള യുപി സ്വദേശി കൊവിഡ് ബാധിച്ചു മരിച്ചു. കര്‍ണാടകത്തില്‍ 26 പുതിയ കേസുകള്‍ കൂടി റിപ്പോര്‍ട്ട് ചെയ്തതോടെ ആകെ ആക്ടീവ് കേസുകള്‍ 126 ആയി ഉയര്‍ന്നു. ഹരിയാനയില്‍ 12 ആക്ടീവ് കേസുകളാണ് നിലവിലുള്ളത്. അരുണാചല്‍ പ്രദേശിലും ഈ വര്‍ഷത്തെ ആദ്യ കേസ് റിപ്പോര്‍ട്ട് ചെയ്തു.