‘വി.ഡി സതീശന്‍ നയിക്കുന്ന യുഡിഎഫിലേക്കില്ല; നിലമ്പൂരില്‍ മത്സരിക്കില്ല’: പി.വി അന്‍വര്‍

വി.ഡി സതീശൻ നയിക്കുമ്പോൾ യുഡിഎഫിലേക്ക് ഇല്ലെന്ന് പി.വി അൻവർ. താനെന്തും അംഗീകരിക്കുമെന്ന് പറഞ്ഞതാണെന്നും പക്ഷേ വിശ്വാസത നഷ്ടപ്പെട്ടവെന്നും അൻവർ പറഞ്ഞു. എല്ലാവരും കൂടി ചവിട്ടി മൂലയ്ക്ക് ഇരുത്തിയെന്നും അദ്ദേഹം ആരോപിച്ചു. നിലമ്പൂരിൽ മത്സരിക്കാൻ താനില്ലെന്നും അൻവർ പറഞ്ഞു. മത്സരിക്കാൻ കോടികൾ എത്ര വേണം. കോടികൾ പൊടിക്കുന്ന തിരഞ്ഞെടുപ്പാണിത്. എന്റെ കയ്യിൽ ഒരു പൈസയുമില്ല. കടക്കാരനാണ് -അൻവർ പറഞ്ഞു. എല്ലാവരും ചേർന്ന് തകർത്ത് തരിപ്പണമാക്കിയെന്നും പൂജ്യമാക്കിയെന്നും അൻവർ പറഞ്ഞു. പലതും ജപ്തിയുടെ വക്കിലാണെന്നും അൻവർ വെളിപ്പെടുത്തി.

ഘടകക്ഷിയാക്കാത്തതിന് പിന്നിൽ വി.ഡി സതീശനെന്നും അൻവർ പറഞ്ഞു. അദ്ദേഹത്തിന് പിന്നിൽ ഗൂഢശക്തിയെന്നും ആരോപിച്ചു. യുഡിഎഫിലേക്കില്ലെന്നും ഒരു നേതാവും ഇനി വിളിക്കേണ്ടെന്നും അദ്ദേഹം പറഞ്ഞു.

പിണറായിസത്തിനെതിരെ പോരാട്ടം നടത്തി ജനങ്ങളിലേക്ക് ഇറങ്ങി വന്ന തന്നെ സ്വീകരിക്കുകയും സഹായിക്കുകയും ആ രാഷ്ട്രീയത്തോടൊപ്പം നിൽക്കുകയും ചെയ്യേണ്ട യുഡിഎഫ് നേതൃത്വത്തിലെ ചില വ്യക്തികൾ അതിന് തയ്യാറായിട്ടില്ലെന്ന് മാത്രമല്ല, ഇപ്പോൾ പിണറായിസം മാറ്റി നിർത്തി മറ്റ് ചില ഗൂഢശക്തികളുടെ താത്പര്യം സംരക്ഷിച്ച് എന്നെ പരാജയപ്പെടുത്തുക എന്ന മുദ്രാവാക്യം ഉയർത്തിപ്പിടിച്ച് പോവുകയാണ്. അതിലൊരു വിട്ടുവീഴ്ചയും ഇപ്പോഴും ഉണ്ടായിട്ടില്ല. ഞാൻ ആരെയും കണ്ടിട്ട് ഇറങ്ങി വന്നവനല്ല. സാധാരണ ജനങ്ങളെ കണ്ടിട്ടാണ്. ഭൂരിപക്ഷത്തെ കണ്ടു ഭയപ്പെട്ട് ഞാൻ ഉയർത്തിയ മുദ്രാവാക്യത്തിൽ നിന്ന് പിന്നോട്ടില്ല. ഈ അധികപ്രസംഗം തുടരുക തന്നെ ചെയ്യും അൻവർ പറഞ്ഞു.

സ്ഥാനാർഥിയെ സംബന്ധിച്ച് ആരായാലും നിരുപാധിക പിന്തുണ പറഞ്ഞതാണ്. അഞ്ചുമാസമായി തന്നെ വാലിൽ കെട്ടി നടത്താൻ തുടങ്ങിയിട്ട്. താൻ അങ്ങോട്ട് പോയതല്ല. പി.കെ കുഞ്ഞാലിക്കുട്ടി തനിക്കുവേണ്ടി പഠിച്ച പണി പതിനെട്ടും നോക്കി. ഇന്നും നോക്കുന്നു. ദയവായി ഇനി ആരുടെയും കാലു പിടിക്കേണ്ട എന്ന് കുഞ്ഞാലിക്കുട്ടിയോട് താൻ പറഞ്ഞു. പാണക്കാട് തങ്ങൾ ഇടപെട്ടിട്ട് പോലും നടക്കുന്നില്ല. ഇപ്പോഴും തലയും വാലുമില്ല മെയ് രണ്ടിന് സഹകരണം ഉറപ്പു പറഞ്ഞതാണ്. തിരഞ്ഞെടുപ്പ് ഉണ്ടാവില്ല എന്നാണ് വി.ഡി സതീശൻ കരുതിയത്. അതുവരെ വാലിൽ കെട്ടി നടക്കാം എന്ന് കരുതി. ഫോൺ വിളിച്ചാൽ പ്രതിപക്ഷ നേതാവ് എടുക്കില്ല. മലയോര ജനതയുടെ പ്രതിനിധി ഉണ്ടാകും സ്ഥാനാർഥിയായി എന്ന് പറഞ്ഞു. ഷൗക്കത്തിനെ മറ്റ് എവിടെയെങ്കിലും ഉൾപ്പെടുത്താമെന്ന് പറഞ്ഞു അൻവർ പറഞ്ഞു.

താൻ ഔട്ട് സ്പോക്കണെന്ന് പറഞ്ഞ അൻവർ ജനങ്ങൾക്കുവേണ്ടി സംസാരിക്കുമെന്നും പറഞ്ഞു. യുഡിഎഫിന് അകത്ത് വന്നാലും അൻവർ ഇങ്ങനെ തന്നെയായിരിക്കുമെന്നും അൻവർ വ്യക്തമാക്കി.

തൊഴിലാളികൾക്കൊപ്പം നിൽക്കുന്ന പാർട്ടിയായിരുന്നു കമ്മ്യൂണിസ്റ്റ് പാർട്ടിയെന്നും കമ്മ്യുണിസ്റ്റ് പാർട്ടിയുടെ അടിസ്ഥാനം സോഷ്യലിസമാണെന്നും അൻവർ പറഞ്ഞു. പിണറായിസത്തിനെതിരെ ഉയർത്തിയ മുദ്രാവാക്യങ്ങൾ പിൻവലിക്കില്ല. ജാതിമത രാഷ്ട്രീയത്തിലേക്ക് സിപിഐഎം വഴിമാറി സഞ്ചരിച്ചു. പലതവണ സൂചിപ്പിച്ചു. മലപ്പുറത്തെ മുസ്ലിം സമുദായത്തെ പൊലീസ് ഏകപക്ഷീയമായി വേട്ടയാടി -അദ്ദേഹം കുറ്റപ്പെടുത്തി.

പിണറായിസത്തിന്റെ ഏറ്റവും വലിയ വക്താവാണ് സ്വരാജെന്ന് അൻവർ പറഞ്ഞു. എൽഡിഎഫ് സ്ഥാനാർഥി തന്റെ സുഹൃത്ത്. ഇത്രയേറെ മലയോര ജനതയ്ക്ക് പ്രശ്നങ്ങളുണ്ടായിട്ടും ഒരിക്കലെങ്കിലും എൻ സ്വരാജ് മണ്ഡലത്തിലേക്ക് വന്നോ എന്നും അദ്ദേഹം ചോദിച്ചു. സ്വരാജ് സംസാരിക്കും, പാലസ്തീനിലെ മുസ്ലീങ്ങൾക്ക് വേണ്ടി. മൂക്കിന് ചുവട്ടിൽ നടക്കുന്ന നിലമ്പൂരിലെ വിഷയങ്ങളിൽ പ്രതികരിക്കില്ല. പ്രളയസമയത്ത് നിലമ്പൂരിൽ എം സ്വരാജിനെ ആരെങ്കിലും കണ്ടിരുന്നോ? ഒരു ഫോട്ടോയെങ്കിലും കാണിക്കാനുണ്ടോ -അൻവർ ചോദിച്ചു.

ഷൗക്കത്തിനേ പറ്റില്ല എന്ന് പറയാൻ കാരണങ്ങൾ ഉണ്ട്. ആരെ നിർത്തിയാലും താൻ അംഗീകരിക്കും. താൻ യുഡിഎഫിന്റെ ഭാഗം ആയിരുന്നെങ്കിൽ. പക്ഷേ താൻ കൂടെ നിന്നിട്ടും യുഡിഎഫ് തോറ്റാൽ എന്തുണ്ടാകും. താൻ ഉയർത്തിയ രാഷ്ട്രീയം ഇല്ലാതെ ആകില്ലേ. അടുത്ത നിയമസഭാ തെരഞ്ഞെടുപ്പിൽ അത് പ്രതിഫലിക്കില്ലേ -അദ്ദേഹം ചോദിച്ചു.

spot_img

Related news

അടുത്ത അഞ്ച് ദിവസം ശക്തമായ മഴയ്ക്ക് സാധ്യത; ഇന്ന് 8 ജില്ലകളിൽ യെല്ലോ അലർട്ട്; ജൂൺ 9 മുതൽ ട്രോളിംഗ് നിരോധനം

സംസ്ഥാനത്ത് അടുത്ത അഞ്ച് ദിവസം ശക്തമായ മഴ തുടരുമെന്ന് കേന്ദ്ര കാലാവസ്ഥാ...

വാടകഗർഭത്തിന് 6 ലക്ഷം, കരൾ നൽകിയാൽ 10 ലക്ഷം! എറണാകുളവും തൃശൂരും കേന്ദ്രീകരിച്ച് വൻ മാഫിയ; ഞെട്ടിക്കുന്ന വെളിപ്പെടുത്തലുമായി യുവതി

കൊച്ചി: കേരളത്തിൽ നിയമവിരുദ്ധ വാടകഗർഭ മാഫിയകളും അവയവക്കടത്ത് സംഘങ്ങളും വൻതോതിൽ സജീവമാണെന്ന്...

എസ്‌ഐ റാങ്ക് പട്ടികയിലുള്ളവർക്ക് ഉടൻ നിയമന ഉത്തരവ് നൽകാൻ നിർദ്ദേശം; 43 ഉദ്യോഗാർത്ഥികൾക്ക് ആശ്വാസവുമായി ആഭ്യന്തര മന്ത്രി രമേശ് ചെന്നിത്തല

പി.എസ്.സി സബ് ഇൻസ്പെക്ടർ റാങ്ക് പട്ടികയിൽ ഉൾപ്പെട്ട ഉദ്യോഗാർത്ഥികൾക്ക് ലിസ്റ്റിന്റെ കാലാവധി...