തിരുവനന്തപുരം: സ്കൂൾ വിദ്യാർത്ഥിനികൾക്ക് എല്ലാ മാസവും 3 ദിവസം വരെ ആർത്തവാവധി നൽകുമെന്ന യു.ഡി.എഫ് സർക്കാരിന്റെ പ്രഖ്യാപനത്തിനെതിരെ കടുത്ത വിമർശനവുമായി മുൻ ഡിജിപിയും തിരുവനന്തപുരം നഗരസഭയിലെ ബി.ജെ.പി കൗൺസിലറുമായ ആർ. ശ്രീലേഖ. സർക്കാരിന്റെ ഈ പുതിയ നയം ശരിക്കും പെൺകുട്ടികളെ ശക്തരാക്കുമോ അതോ കൂടുതൽ അബലകളാക്കി മാറ്റുമോ എന്ന സംശയമാണ് തന്റെ ഫേസ്ബുക്ക് കുറിപ്പിലൂടെ ശ്രീലേഖ ഉന്നയിക്കുന്നത്.
ആർത്തവം എന്നത് സ്ത്രീകളുടെ സ്വകാര്യ അഭിമാനമാണെന്ന് ശ്രീലേഖ ഓർമ്മിപ്പിച്ചു. ആ സമയത്ത് കഠിനമായ വേദനയും ബുദ്ധിമുട്ടും അനുഭവിക്കുന്നവർ ഉണ്ടാകാം. എന്നാൽ കടുത്ത വേദനയുണ്ടായിരുന്നിട്ടും താൻ ഒരിക്കൽ പോലും സ്കൂളിലോ കോളേജിലോ പോകാതിരുന്നിട്ടില്ലെന്നും ഐ.പി.എസ് പരിശീലന കാലത്തെ കഠിനമായ വ്യായാമ മുറകളിൽ നിന്ന് പെൺകുട്ടികൾ ആരും തന്നെ മാറിനിന്നിട്ടില്ലെന്നും അവർ ചൂണ്ടിക്കാട്ടി. തീരെ വയ്യാത്ത അവസ്ഥയിൽ മാത്രം അവധിയെടുക്കുന്നതാണ് സ്ത്രീകളുടെ യഥാർത്ഥ ശക്തിയെന്നും അവർ കൂട്ടിച്ചേർത്തു. മാസാമാസം ഇത്തരത്തിൽ അവധിയെടുക്കാൻ തുടങ്ങിയാൽ വീട്ടുകാരും വിദ്യാലയവും നാട്ടുകാരുമെല്ലാം എപ്പോഴാണ് ഏത് കുട്ടിക്ക് ആർത്തവം എന്ന് അറിയുന്ന സാഹചര്യം ഉണ്ടാകുമെന്ന് ശ്രീലേഖ കുറ്റപ്പെടുത്തി.
ഈയൊരു കാരണം പറഞ്ഞുകൊണ്ട് പഠിക്കാൻ പോകാതെ മൂന്ന് ദിവസല്ല, ഒരു ദിവസം പോലും വീട്ടിലിരിക്കാൻ ഒരു പെൺകുട്ടിയും ആഗ്രഹിക്കുമെന്ന് തനിക്ക് തോന്നുന്നില്ലെന്നും, സാധാരണ നിലയിൽ മാതാപിതാക്കൾ ഇതിന് സമ്മതിക്കില്ലെന്നും വ്യക്തമാക്കിയാണ് ആർ. ശ്രീലേഖ തന്റെ ഫേസ്ബുക്ക് കുറിപ്പ് അവസാനിപ്പിക്കുന്നത്.




