ആലപ്പുഴ: നവകേരള യാത്രയ്ക്കിടെ ആലപ്പുഴയിൽ വെച്ച് യൂത്ത് കോൺഗ്രസ്, കെ.എസ്.യു പ്രവർത്തകരെ ക്രൂരമായി മർദ്ദിച്ച സംഭവത്തിൽ മുൻ മുഖ്യമന്ത്രി പിണറായി വിജയന്റെ ഗൺമാൻ അടക്കമുള്ള സുരക്ഷാ ജീവനക്കാർക്കെതിരെ കടുത്ത ക്രിമിനൽ കുറ്റം ചുമത്തി ക്രൈംബ്രാഞ്ച്. ഗൺമാൻ അനിൽകുമാർ ഉൾപ്പെടെയുള്ള പ്രതികൾക്കെതിരെ നരഹത്യാക്കുറ്റം ചുമത്തിക്കൊണ്ടുള്ള അന്തിമ റിപ്പോർട്ട് ക്രൈംബ്രാഞ്ച് ആലപ്പുഴ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതിയിൽ സമർപ്പിച്ചു.
പ്രതികൾക്ക് എളുപ്പത്തിൽ ജാമ്യം ലഭിക്കാനുള്ള സാധ്യത പൂർണ്ണമായും ഒഴിവാക്കുന്നതിനാണ് കോടതിയിൽ സമർപ്പിച്ച റിപ്പോർട്ടിൽ ഗുരുതരമായ വധശ്രമക്കുറ്റം ഉൾപ്പെടുത്തിയിരിക്കുന്നത്. കേസിൽ പ്രതികളായ ഗൺമാൻ അനിൽകുമാർ, പൊലീസുകാരായ എസ്. സന്ദീപ്, അരുൺ, വിപിൻ, ഷൈജു എന്നീ അഞ്ച് ഉദ്യോഗസ്ഥരെയും കഴിഞ്ഞ ദിവസം സർവീസിൽ നിന്നും സസ്‌പെൻഡ് ചെയ്തിരുന്നു. വിഐപി സുരക്ഷയുടെ പേരിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ഉദ്യോഗസ്ഥരുടെ ഭാഗത്തുനിന്ന് ഗുരുതരമായ ചട്ടലംഘനമാണ് ഉണ്ടായതെന്നും ഇവർക്കെതിരെ ശക്തമായ വകുപ്പുതല നടപടി വേണമെന്നും പ്രത്യേക അന്വേഷണ സംഘം ശുപാർശ ചെയ്തിരുന്നു. ഇതിന്റെ അടിസ്ഥാനത്തിലായിരുന്നു ആഭ്യന്തര വകുപ്പിന്റെ അടിയന്തര സസ്‌പെൻഷൻ നടപടി.
വിഐപി സുരക്ഷയുടെ ഭാഗമായി ഔദ്യോഗിക കൃത്യനിർവ്വഹണം മാത്രമാണ് തങ്ങൾ നടത്തിയതെന്നായിരുന്നു പ്രതികളായ ഉദ്യോഗസ്ഥർ തങ്ങളുടെ ജാമ്യാപേക്ഷയിൽ കോടതിയിൽ വാദിച്ചിരുന്നത്. കേസിന് പിന്നിൽ രാഷ്ട്രീയവും വ്യക്തിപരവുമായ വിരോധമാണെന്നും ഇവർ ആരോപിച്ചിരുന്നു. മുഖ്യമന്ത്രി സഞ്ചരിച്ച വാഹനത്തിന് നേരെ പ്രതിഷേധക്കാർ കരിങ്കൊടിയുമായി മുദ്രാവാക്യം വിളിച്ചടുക്കുകയും വാഹനത്തിൽ ഇടിക്കുകയും ചെയ്തുവെന്നും, ഇസഡ് പ്ലസ് (Z+) സുരക്ഷയുള്ള മുഖ്യമന്ത്രിയുടെ ജീവന് ഭീഷണിയുണ്ടായ സാഹചര്യത്തിലാണ് തങ്ങൾ ഇടപെട്ടതെന്നുമായിരുന്നു ജാമ്യഹർജിയിലെ വാദം. എന്നാൽ ഈ വാദങ്ങളെല്ലാം തള്ളിക്കൊണ്ടാണ് ക്രൈംബ്രാഞ്ച് ഇപ്പോൾ പ്രതികൾക്കെതിരെ ജാമ്യമില്ലാ വകുപ്പുകൾ പ്രകാരം ശക്തമായ റിപ്പോർട്ട് കോടതിയിൽ സമർപ്പിച്ചിരിക്കുന്നത്. വരും ദിവസങ്ങളിൽ പ്രതികളുടെ അറസ്റ്റ് ഉൾപ്പെടെയുള്ള നടപടികളിലേക്ക് ക്രൈംബ്രാഞ്ച് കടന്നേക്കും.




