ഒരു ഇടവേളക്ക് ശേഷം മലയാളത്തിന്റെ ഇതിഹാസം ജഗതി ശ്രീകുമാര്‍ സിനിമയിലേക്ക് തിരിച്ചെത്തുന്നു. ഹാസ്യതാരമായും വില്ലനായും സ്വഭാവ നടനായുമൊക്കെ അഭ്രപാളിയെ വിസ്മയിപ്പിച്ച ജഗതി ശ്രീകുമാറിന് ഇന്ന് എഴുപത്തിനാലാം പിറന്നാളാണ്. പിറന്നാള്‍ ദിനത്തിലാണ് ആരാധകര്‍ക്ക് അദ്ദേഹത്തിന്റെ തിരിച്ചുവരവ് പിറന്നാള്‍ സമ്മാനമായി നല്‍കുന്നത്.
ഒരു ഇടവേളയ്ക്ക് ശേഷം ജഗതി മലയാള സിനിമയിലേക്ക് തിരിച്ചെത്തുന്നു എന്ന വാര്‍ത്ത നടന്‍ അജു വര്‍ഗീസാണ് സമൂഹമാധ്യമങ്ങളിലൂടെ പങ്കുവച്ചത്. അരുണ്‍ ചന്ദു സംവിധാനം ചെയ്യുന്ന വല എന്ന ചിത്രത്തിലൂടെയാണ് അദ്ദേഹം വീണ്ടും തിരിച്ചെത്തുന്നത്. കെ മധു സംവിധാനം ചെയ്ത സിബിഐ അഞ്ചാം ഭാഗത്തില്‍ ജഗതി അഭിനയിച്ചിരുന്നു. വിഖ്യാതനായ ബ്രിട്ടിഷ് ഭൗതികശാസ്ത്രജ്ഞനും പ്രപഞ്ച ശാസ്ത്രജ്ഞനുമായ സ്റ്റീഫന്‍ ഹോക്കിങിനെ അനുസ്മരിപ്പിക്കുന്ന വിധത്തില്‍ ചക്രകസേരയിലിരിക്കുന്ന ജഗതിയെ പോസ്റ്ററില്‍ കാണാം.
‘കോമഡിയുടെ മാസ്റ്റര്‍ തിരിച്ചെത്തി ഇതിഹാസതാരം ജഗതി ശ്രീകുമാറിന് ജന്മദിനാശംസകള്‍. പ്രൊഫസര്‍ അമ്പിളി, അങ്കിള്‍ ലൂണാര്‍ ആയി വലയിലെ അദ്ദേഹത്തിന്റെ ഐതിഹാസികമായ തിരിച്ചുവരവിന് സാക്ഷ്യം വഹിക്കാന്‍ തയ്യാറാകൂ. മറ്റൊരുതരത്തില്‍ ഒരു തിരിച്ചുവരവിന് കളമൊരുങ്ങുന്നു’ നടന്‍ അജു വര്‍ഗീസ് ഫേസ്ബുക്കില്‍ കുറിച്ചു.
2012 മാര്‍ച്ച് 10ന് പുലര്‍ച്ചെ തേഞ്ഞിപ്പലത്തിനടുത്തുവെച്ചുണ്ടായ അപകടത്തില്‍ ജഗതിയ്ക്ക് ഗുരുതരമായി പരിക്കേറ്റിരുന്നു. പതിനഞ്ച് വര്‍ഷം മുമ്പുണ്ടായ അപകടം സിനിമയില്‍ നിന്ന് ജഗതി ശ്രീകുമാറെന്ന നടന് താത്കാലിക വിശ്രമം നല്‍കിയെങ്കിലും മലയാളികള്‍ കാത്തിരിപ്പിലായിരുന്നു. ലെനിന്‍ രാജേന്ദ്രന്‍ സംവിധാനം ചെയ്യുന്ന ‘ഇടവപ്പാതി’ എന്ന സിനിമയുടെ ലൊക്കേഷനിലേക്ക് പോകും വഴി അദ്ദേഹം സഞ്ചരിച്ചിരുന്ന കാര്‍ ദേശീയപാത പാണമ്പ്ര വളവിലെ ഡിവൈഡറില്‍ ഇടിച്ച് കയറുകയായിരുന്നു. അപകടത്തില്‍ ഗുരുതരമായി പരുക്കേറ്റ ജഗതി വര്‍ഷങ്ങളുടെ ചികിത്സയ്ക്കു ശേഷമാണ് ജീവിതത്തിലേക്ക് മടങ്ങിയെത്തിയത്. അന്നുതൊട്ടിന്നോളം അതുല്യ നടന്റെ ആരോഗ്യത്തിന് വേണ്ടിയുള്ള പ്രാര്‍ത്ഥനയിലാണ് സിനിമാപ്രേമികള്‍.