ഇടുക്കി: പൊന്മുടി ജലാശയത്തിൽ കുളിക്കാനിറങ്ങി കാണാതായ രണ്ട് വിദ്യാർഥികളുടെയും മൃതദേഹം കണ്ടെത്തി. പണിക്കൻകൂടി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ ഒമ്പതാം ക്ലാസ് വിദ്യാർഥികളായ ക്രിസ്റ്റോ (14), അരുൺ പി.ബി (14) എന്നിവരാണ് മരിച്ചത്. പണിക്കൻകൂടി ചിറയിൽ സന്തോഷിന്റെ മകനാണ് ക്രിസ്റ്റോ. തിങ്കൾക്കാട് സ്വദേശി ബ്രിജേഷിന്റെ മകനാണ് അരുൺ.
ശബരിമലയ്ക്ക് പോകുന്ന സഹപാഠിയുടെ കെട്ടുനിറ ചടങ്ങിൽ പങ്കെടുക്കാനായി എത്തിയ എട്ടംഗ സംഘമാണ് പൊന്മുടി ജലാശയത്തിലെത്തിയത്. ഇതിനിടെ ക്രിസ്റ്റോയും അരുണും കുളിക്കാനായി വെള്ളത്തിലിറങ്ങുകയായിരുന്നു. സംഘത്തിലെ മറ്റുള്ളവർ വീട്ടിലേക്ക് മടങ്ങി.
വൈകുന്നേരമായിട്ടും കുട്ടികൾ തിരിച്ചെത്താത്തതിനെ തുടർന്ന് നടത്തിയ തിരച്ചിലിൽ അണക്കെട്ടിന് സമീപത്തുനിന്ന് ഇവരുടെ ബാഗും ചെരിപ്പും കണ്ടെത്തി. തുടർന്ന് രാത്രി വൈകിയും തിരച്ചിൽ നടത്തിയെങ്കിലും കുട്ടികളെ കണ്ടെത്താനായില്ല.
ഇന്ന് രാവിലെ ഫയർഫോഴ്സിന്റെ തൊടുപുഴയിൽ നിന്നുള്ള സ്കൂബാ സംഘവും എൻ.ഡി.ആർ.എഫും ചേർന്ന് നടത്തിയ തിരച്ചിലിലാണ് ഇരുവരുടെയും മൃതദേഹങ്ങൾ കണ്ടെത്തിയത്.
രണ്ട് വിദ്യാർഥികളുടെ അപ്രതീക്ഷിത വിയോഗം നാടിനെയും സഹപാഠികളെയും കണ്ണീരിലാഴ്ത്തി.




