കൊച്ചി: മദ്യം വാങ്ങാൻ പണം നൽകാത്തതിനെ തുടർന്ന് ഫോർട്ടുകൊച്ചിയിൽ വയോധികയായ അമ്മയെ മകൻ മർദിച്ചുകൊന്നു. അമരാവതിയിലെ വിശാലാക്ഷി ലൈനിൽ താമസിച്ചിരുന്ന ലക്ഷ്മി (78) ആണ് കൊല്ലപ്പെട്ടത്. സംഭവത്തിൽ മകൻ കണ്ണനെ ഫോർട്ടുകൊച്ചി പൊലീസ് അറസ്റ്റ് ചെയ്തു.
മദ്യപിക്കാനായി അമ്മയോട് പണം ആവശ്യപ്പെടുന്നതും പണം നൽകാത്തപ്പോൾ ഉപദ്രവിക്കുന്നതും പതിവായിരുന്നുവെന്നാണ് വിവരം. ഇന്നലെ രാവിലെ പണം ആവശ്യപ്പെട്ടെങ്കിലും നൽകാത്തതിലുള്ള പ്രകോപനമാണ് കൊലപാതകത്തിൽ കലാശിച്ചത്. വൈകുന്നേരം മദ്യലഹരിയിലെത്തിയ പ്രതി വീട്ടിലെ ഹാളിൽ വെച്ച് അമ്മയെ ചവിട്ടുകയും മർദിക്കുകയും ചെയ്തു.
ഗുരുതരമായി പരിക്കേറ്റ ലക്ഷ്മിയെ ആശുപത്രിയിലെത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായില്ല. വീട്ടിലെ ഗ്യാസ് സിലിണ്ടർ സഹോദരന് അമ്മ വാങ്ങിനൽകിയതും പ്രതിയുടെ പ്രകോപനത്തിന് കാരണമായതായി പറയുന്നു. മകൾ ഷൈലയാണ് സംഭവം പൊലീസിനെ അറിയിച്ചത്.
കൊലപാതകക്കുറ്റം ചുമത്തി കേസെടുത്ത പൊലീസ് പ്രതിയെ കോടതിയിൽ ഹാജരാക്കും. ഫോറൻസിക്, വിരലടയാള വിദഗ്ധർ വീട്ടിലെത്തി തെളിവുകൾ ശേഖരിച്ചു. മൃതദേഹം എറണാകുളം ജനറൽ ആശുപത്രിയിൽ സൂക്ഷിച്ചിരിക്കുകയാണ്.




