തിരുവനന്തപുരം: സംസ്ഥാനത്ത് വൈദ്യുതി പ്രതിസന്ധി രൂക്ഷമാകുന്ന സാഹചര്യത്തിൽ നാളെ മുതൽ ലോഡ് ഷെഡ്ഡിങ്ങിന് സാധ്യത. തത്സമയ വൈദ്യുതി വിപണിയിൽ നിന്ന് ആവശ്യത്തിന് വൈദ്യുതി ലഭിച്ചില്ലെങ്കിൽ നിയന്ത്രണം ഏർപ്പെടുത്തേണ്ടി വരുമെന്നാണ് കെ.എസ്.ഇ.ബിയുടെ വിലയിരുത്തൽ. ഇന്ന് മുതൽ ഹിമാചൽ പ്രദേശിൽ നിന്നുള്ള വൈദ്യുതി ലഭിക്കില്ല. അവധിയായതിനാൽ വൈദ്യുതി ഉപയോഗം കുറയുമെന്ന പ്രതീക്ഷയിലാണ് ബോർഡ്. കഴിഞ്ഞ മാസം പീക്ക് സമയത്ത് 850 മെഗാവാട്ട് വരെ അധിക വൈദ്യുതി ലഭിച്ചത് ആശ്വാസമായിരുന്നു. ഉത്തരേന്ത്യയിൽ ശൈത്യകാലം ആരംഭിക്കുന്നതോടെ വൈദ്യുതി ഉപഭോഗം കുറയുകയും ഉത്പാദനം വർധിക്കുകയും ചെയ്യുമെന്നാണ് പ്രതീക്ഷ. ഈ മാസം 15 വരെയെങ്കിലും തത്സമയ വിപണിയിൽ നിന്ന് വൈദ്യുതി ലഭ്യമാക്കി പ്രതിസന്ധി മറികടക്കാമെന്ന കണക്കുകൂട്ടലിലാണ് കെ.എസ്.ഇ.ബിയും സർക്കാരും.




