ന്യൂയോർക്ക്: ഇറാനിലെ ബിസിനസ് ഇടപാടുകളുമായി ബന്ധപ്പെട്ട് ബാങ്കുകളെ തെറ്റിദ്ധരിപ്പിക്കുകയും അമേരിക്കൻ കമ്പനികളുടെ വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാൻ ഗൂഢാലോചന നടത്തുകയും ചെയ്ത കേസിൽ ചൈനീസ് ടെലികോം ഭീമൻ ഹുവാവെയ് കുറ്റക്കാരെന്ന് അമേരിക്കൻ കോടതി. ബ്രൂക്ലിൻ ഫെഡറൽ കോടതിയിലെ ജൂറിയാണ് കമ്പനിക്കെതിരെ ചുമത്തിയ 12 കുറ്റങ്ങളിൽ പത്തിലും കുറ്റക്കാരാണെന്ന് കണ്ടെത്തിയത്.
ബാങ്ക് തട്ടിപ്പ്, വയർ തട്ടിപ്പ്, അമേരിക്കൻ ഉപരോധ ലംഘനം, വ്യാപാര രഹസ്യങ്ങൾ മോഷ്ടിക്കാനുള്ള ഗൂഢാലോചന, കള്ളപ്പണം വെളുപ്പിക്കാനുള്ള ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങളിലാണ് വിധി. എന്നാൽ സംഘടിത കുറ്റകൃത്യങ്ങളിൽ ഏർപ്പെട്ടെന്ന ഗൂഢാലോചനാ കുറ്റത്തിലും നീതിന്യായ നിർവഹണം തടസ്സപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കുറ്റത്തിലും കോടതി കമ്പനിയെ കുറ്റവിമുക്തമാക്കി.
രണ്ടുമാസത്തിലധികം നീണ്ട വിചാരണയ്ക്കൊടുവിലാണ് വിധി. 2027 സെപ്റ്റംബർ 14-ന് യുഎസ് ജില്ലാ ജഡ്ജി ആൻ ഡോണലി ശിക്ഷ വിധിക്കും. വിധിക്കെതിരെ അപ്പീൽ നൽകുമെന്ന് ഹുവാവെയ് അറിയിച്ചിട്ടുണ്ട്.
ഇറാനിലെ ബിസിനസ് ഇടപാടുകളെക്കുറിച്ച് എച്ച്എസ്ബിസി ഉൾപ്പെടെയുള്ള ബാങ്കുകളെ തെറ്റിദ്ധരിപ്പിച്ചെന്ന ആരോപണമാണ് കേസിന്റെ പ്രധാന ഭാഗം. അമേരിക്കൻ ഉപരോധം മറികടന്ന് ഇറാനുമായി വ്യാപാര ഇടപാടുകൾ നടത്തിയെന്നായിരുന്നു പ്രോസിക്യൂഷൻ ആരോപണം.
അമേരിക്കൻ കമ്പനികളുടെ സാങ്കേതികവിദ്യകൾ മോഷ്ടിച്ചെന്ന ആരോപണങ്ങളും കേസിൽ ഉയർന്നിരുന്നു. സിസ്കോയുടെ റൗട്ടറുകൾക്കായുള്ള സോഴ്സ് കോഡ്, ക്വിന്റലിന്റെ ആന്റിന സാങ്കേതികവിദ്യ, സിനെക്സിന്റെ സർക്യൂട്ട് ബോർഡ് വിവരങ്ങൾ എന്നിവ കൈക്കലാക്കാൻ ശ്രമിച്ചെന്നായിരുന്നു പ്രധാന ആരോപണങ്ങൾ. ടി-മൊബൈലിന്റെ ടെസ്റ്റിംഗ് റോബോട്ടിന്റെ ഭാഗം ഹുവാവെയ് ജീവനക്കാരൻ കടത്തുന്ന ദൃശ്യങ്ങളും വിചാരണയ്ക്കിടെ തെളിവായി ഹാജരാക്കി.
അതേസമയം, ഇറാനിലെ ഇടപാടുകളെക്കുറിച്ച് ബാങ്കുകൾക്ക് കൃത്യമായ അറിവുണ്ടായിരുന്നുവെന്നും കമ്പനിയുടെ വളർച്ച കഠിനാധ്വാനത്തിന്റെയും ഗവേഷണത്തിന്റെയും ഫലമാണെന്നും ഹുവാവെയുടെ അഭിഭാഷകൻ വാദിച്ചു.
2018-ൽ ഹുവാവെയ് ചീഫ് ഫിനാൻഷ്യൽ ഓഫീസർ മെങ് വാൻഷൗവിനെ അമേരിക്കൻ വാറന്റിന്റെ അടിസ്ഥാനത്തിൽ കാനഡയിൽ തടഞ്ഞുവെച്ചതോടെയാണ് കേസുമായി ബന്ധപ്പെട്ട അന്താരാഷ്ട്ര നയതന്ത്ര പ്രതിസന്ധി രൂക്ഷമായത്. മൂന്ന് വർഷത്തോളം നീണ്ട നിയമനടപടികൾക്കൊടുവിൽ അമേരിക്കൻ പ്രോസിക്യൂഷനുമായി ധാരണയിലെത്തിയ മെങ് ചൈനയിലേക്ക് മടങ്ങിയിരുന്നു.
2019-ൽ അമേരിക്ക ഹുവാവെയെ കരിമ്പട്ടികയിൽ ഉൾപ്പെടുത്തിയിരുന്നു. എങ്കിലും നിർമ്മിതബുദ്ധി ഉൾപ്പെടെയുള്ള മേഖലകളിൽ പ്രവർത്തനം വ്യാപിപ്പിച്ച് ആഗോളതലത്തിൽ സാന്നിധ്യം ശക്തമാക്കുകയാണ് കമ്പനി.
പത്തോളം കുറ്റങ്ങളിൽ കുറ്റക്കാരെന്ന കോടതി വിധിക്കു പിന്നാലെ ഹുവാവെയുടെ നിയമപോരാട്ടം അപ്പീൽ നടപടികളിലേക്ക് നീങ്ങുകയാണ്.




