ന്യൂഡൽഹി: പ്രധാനമന്ത്രിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ച ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിക്കും കോൺഗ്രസ് നേതാക്കൾക്കുമെതിരായ പൊലീസ് നടപടിയിൽ പാർലമെന്റ് പ്രക്ഷുബ്ധമായി. പ്രതിപക്ഷ പ്രതിഷേധത്തെ തുടർന്ന് ലോക്സഭയും രാജ്യസഭയും ഉച്ചയ്ക്ക് 12 മണിവരെ നിർത്തിവച്ചു.
ചോദ്യോത്തര വേളയ്ക്ക് ശേഷം വിഷയം ചർച്ച ചെയ്യാമെന്ന് ലോക്സഭാ സ്പീക്കർ അറിയിച്ചെങ്കിലും പ്രതിഷേധം അവസാനിപ്പിക്കാൻ പ്രതിപക്ഷം തയ്യാറായില്ല. പൊലീസ് നടപടിയിൽ പ്രതിഷേധിച്ച് കോൺഗ്രസ് അംഗങ്ങൾ കറുത്ത വസ്ത്രമണിഞ്ഞാണ് സഭയിലെത്തിയത്. പാർലമെന്റിന് പുറത്തും പ്രതിപക്ഷ അംഗങ്ങൾ പ്രതിഷേധം നടത്തി.
അതേസമയം, തിങ്കളാഴ്ച രാജ്യതലസ്ഥാനത്ത് നടന്ന സി.പി.ഐ.എം? നേതൃത്വത്തിലുള്ള പ്രതിഷേധ മാർച്ചിന് നേരെയുണ്ടായ പൊലീസ് നടപടിയുമായി ബന്ധപ്പെട്ട ഹർജി അടിയന്തരമായി പരിഗണിക്കാൻ സുപ്രീംകോടതി വിസമ്മതിച്ചു. സമയം പാഴാക്കരുതെന്ന് ചീഫ് ജസ്റ്റിസ് സൂര്യകാന്ത് ഹർജിക്കാരോട് പറഞ്ഞു.
പ്രതിഷേധങ്ങൾ തുടരുന്ന സാഹചര്യത്തിൽ ഡൽഹിയിൽ സുരക്ഷ ശക്തമാക്കി. ഇന്നും ചില മെട്രോ സ്റ്റേഷനുകൾ അടച്ചിട്ടു. തിങ്കളാഴ്ച നടന്ന പ്രതിഷേധ മാർച്ചിനെ പൊലീസ് പെല്ലറ്റ് ഗൺ ഉൾപ്പെടെയുള്ള മാർഗങ്ങൾ ഉപയോഗിച്ച് നേരിട്ടെന്ന ആരോപണങ്ങളും ശക്തമാകുകയാണ്.




