ദില്ലി ജന്തർ മന്തറിൽ യുവാക്കൾ ആരംഭിച്ച സിജെപി സമരം കൂടുതൽ രാഷ്ട്രീയ ശ്രദ്ധ നേടുന്നു. സമരത്തിന് പിന്തുണ പ്രഖ്യാപിച്ച് പ്രതിപക്ഷ നേതാവ് രാഹുൽ ഗാന്ധിയുടെ നേതൃത്വത്തിൽ കോൺഗ്രസ് എംപിമാർ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ വസതിക്ക് മുന്നിൽ പ്രതിഷേധിച്ചു.
രാഹുൽ ഗാന്ധി, പ്രിയങ്ക ഗാന്ധി, കോൺഗ്രസ് അധ്യക്ഷൻ മല്ലികാർജുൻ ഖർഗെ എന്നിവർക്കൊപ്പം നിരവധി കോൺഗ്രസ് നേതാക്കളും പ്രതിഷേധത്തിൽ പങ്കെടുത്തു. കേരളത്തിൽ നിന്ന് മുഖ്യമന്ത്രി വി.ഡി. സതീശനും കെ.സി. വേണുഗോപാലും പ്രതിഷേധത്തിൽ പങ്കാളികളായി. കൈകൾ കൂട്ടിക്കെട്ടിയാണ് കോൺഗ്രസ് എംപിമാർ പ്രതിഷേധം സംഘടിപ്പിച്ചത്.
പ്രതിഷേധത്തിനിടെ പൊലീസും കോൺഗ്രസ് എംപിമാരും തമ്മിൽ ഉന്തുംതള്ളുമുണ്ടായി. തുടർന്ന് കൊടിക്കുന്നിൽ സുരേഷ് ഉൾപ്പെടെയുള്ള നേതാക്കളെ പൊലീസ് ബലപ്രയോഗത്തിലൂടെ അറസ്റ്റ് ചെയ്ത് നീക്കി.
യുവാക്കളെ ക്രൂരമായി മർദിച്ച സംഭവത്തിൽ പ്രധാനമന്ത്രി മറുപടി പറയണമെന്ന് രാഹുൽ ഗാന്ധി ആവശ്യപ്പെട്ടു. പ്രധാനമന്ത്രിയും ആഭ്യന്തരമന്ത്രിയും രാജിവെക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. സർക്കാർ യുവജനങ്ങളുടെ ഭാവി തകർക്കുകയാണെന്നും രാഹുൽ ആരോപിച്ചു.
ഇതിനുമുമ്പ് സമരത്തിന് പിന്തുണയുമായി ഇടത് എംപിമാരും ജന്തർ മന്തറിലെത്തിയിരുന്നു. പരീക്ഷാ ക്രമക്കേടുകൾക്കെതിരായ യുവജനങ്ങളുടെ പ്രതിഷേധമാണ് രാജ്യം കാണുന്നതെന്നും ബന്ധപ്പെട്ട മന്ത്രിയുടെ രാജി ആവശ്യപ്പെടണമെന്നും അവർ പറഞ്ഞു.
അതേസമയം, ഓൺലൈൻ ഭക്ഷണ വിതരണ പ്ലാറ്റ്ഫോമുകളിലൂടെയും സമരത്തിന് പിന്തുണ ലഭിക്കുകയാണ്. ജന്തർ മന്തർ സമരവേദിയുടെ ലൊക്കേഷൻ ഉപയോഗിച്ച് വിവിധ സംസ്ഥാനങ്ങളിൽ നിന്ന് ഭക്ഷണപ്പൊതികൾ എത്തിക്കുന്നതായി സംഘാടകർ അറിയിച്ചു. ഇതിനകം അഞ്ഞൂറിലധികം ഭക്ഷണപ്പൊതികൾ സമരവേദിയിലെത്തിയതായും വളണ്ടിയർമാരും ഡെലിവറി ജീവനക്കാരും അറിയിച്ചു.




