സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങളെ ബാധിച്ച ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ സുപ്രീംകോടതിയുടെ ഇടപെടൽ. വഖഫ് ബോർഡ് സെക്രട്ടറിക്ക് എക്‌സ് ഒഫീഷ്യോ അംഗമായി തുടരാമെന്ന് സുപ്രീംകോടതി വ്യക്തമാക്കി. ഇതോടെ സംസ്ഥാന വഖഫ് ബോർഡിന്റെ പ്രവർത്തനങ്ങൾ തുടരാൻ വഴിയൊരുങ്ങി.
ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിലെ അവസാന ഭാഗമാണ് സുപ്രീംകോടതി റദ്ദാക്കിയത്. സെക്രട്ടറിയെ അഡ്മിനിസ്ട്രേറ്ററായി നിയമിച്ച നടപടി അസാധുവാക്കിയ ഹൈക്കോടതി ഉത്തരവിലാണ് സുപ്രീംകോടതി തിരുത്തൽ വരുത്തിയത്.
ഹൈക്കോടതിയുടെ ഉത്തരവിനെ തുടർന്ന് സംസ്ഥാന വഖഫ് ബോർഡിന്റെ സാമ്പത്തിക ഇടപാടുകൾ ഉൾപ്പെടെയുള്ള പ്രവർത്തനങ്ങൾ താത്കാലികമായി നിയന്ത്രിക്കപ്പെട്ടിരുന്നു. ബോർഡിന്റെ പ്രവർത്തനങ്ങൾ ഇത്തരത്തിൽ നിയന്ത്രിച്ച് ബുദ്ധിമുട്ടിക്കുന്നത് എന്തിനാണെന്ന് സുപ്രീംകോടതി ചോദിച്ചു.
അതേസമയം, ഹൈക്കോടതിയുടെ ഇടക്കാല ഉത്തരവിൽ ഇടപെടേണ്ടതില്ലെന്ന നിലപാടാണ് സംസ്ഥാന സർക്കാർ സുപ്രീംകോടതിയിൽ സ്വീകരിച്ചത്. നേരത്തെയും ഹൈക്കോടതിയിൽ സംസ്ഥാന വഖഫ് ബോർഡിന്റെ ആവശ്യങ്ങളോട് വിയോജിച്ച നിലപാടാണ് സർക്കാർ സ്വീകരിച്ചിരുന്നത്.
സംസ്ഥാന സർക്കാരിന്റെ ഈ നിലപാടിനെതിരെ വഖഫ് ബോർഡ് രാഷ്ട്രീയ വിമർശനവും ഉന്നയിച്ചു. സർക്കാർ വിഷയത്തിൽ ഇരട്ടത്താപ്പ് നയമാണ് സ്വീകരിക്കുന്നതെന്നാണ് ബോർഡിന്റെ ആരോപണം.




