തിരുവനന്തപുരം: ലഹരിക്കെതിരായ കേരള പൊലീസിന്റെ ഓപ്പറേഷൻ തൂഫാൻ നടപടികൾ ശക്തമാക്കി. സംസ്ഥാനത്തിന്റെ വിവിധ ഭാഗങ്ങളിൽ നടത്തിയ പരിശോധനകളിലായി ഇതുവരെ 11,776 പേരെ അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം 77 കേസുകളിലായി 88 പേർ കൂടി അറസ്റ്റിലായതോടെ ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി രജിസ്റ്റർ ചെയ്ത കേസുകളുടെ എണ്ണം 10,918 ആയി.
ഇതുവരെ 23,925.120 ഗ്രാം എം.ഡി.എം.എയും 1,457.401 കിലോഗ്രാം കഞ്ചാവും പിടിച്ചെടുത്തിട്ടുണ്ട്. കഴിഞ്ഞ ദിവസം രജിസ്റ്റർ ചെയ്ത കേസുകളിൽ സ്മോൾ ക്വാണ്ടിറ്റി വിഭാഗത്തിൽ 26 കേസുകളും മീഡിയം ക്വാണ്ടിറ്റിയിൽ അഞ്ച് കേസുകളും കൊമേഴ്ഷ്യൽ ക്വാണ്ടിറ്റിയിൽ മൂന്ന് കേസുകളും ഉൾപ്പെടുന്നു.
എൻ.ഡി.പി.എസ് ആക്ട് പ്രകാരം 43 കേസുകളും കോട്പ നിയമപ്രകാരം 37 കേസുകളും രജിസ്റ്റർ ചെയ്തു. പരിശോധനയിൽ 89.330 ഗ്രാം എം.ഡി.എം.എ, 1.091 കിലോഗ്രാം കഞ്ചാവ്, 17.06 ഗ്രാം ഹാഷിഷ് ഓയിൽ, 8.14 ഗ്രാം ബ്രൗൺ ഷുഗർ എന്നിവയും പിടിച്ചെടുത്തു.
ലഹരിക്കെതിരായ ബോധവത്കരണ പ്രവർത്തനങ്ങളും ഓപ്പറേഷൻ തൂഫാന്റെ ഭാഗമായി തുടരുകയാണ്. ഇന്നലെ മാത്രം സംസ്ഥാനത്ത് കേരള പൊലീസ് 34 ബോധവത്കരണ ക്ലാസുകൾ നടത്തി. ഇതോടെ ആകെ നടത്തിയ ബോധവത്കരണ ക്ലാസുകളുടെ എണ്ണം 9,864 ആയി. കൂടാതെ 781 കൗൺസിലിങ്ങുകളും സ്കൂൾ-കോളേജ് പ്രൊട്ടക്ഷൻ ഗ്രൂപ്പുകളുടെ നേതൃത്വത്തിൽ 6,877 ബോധവത്കരണ പരിപാടികളും നടത്തിയതായി പൊലീസ് അറിയിച്ചു.




