കാണാതായ കോളജ് വിദ്യാര്‍ഥിനിയെ അടച്ചിട്ട വീട്ടില്‍ വിവസ്ത്രയാക്കി കെട്ടിയിട്ട നിലയില്‍ കണ്ടെത്തി. കോഴിക്കോട് നിന്നും ബുധനാഴ്ച രാവിലെ മുതല്‍ കാണാതായ പെണ്‍കുട്ടിയെയാണ് കുണ്ടുതോട് ഉണ്ണിത്താന്‍കണ്ടി ജുനൈദിന്റെ വീട്ടില്‍ നിന്ന് കണ്ടെത്തിയത്. ഇയാളുടെ മാതാപിതാക്കള്‍ വിദേശത്താണ്. ഈ വീട്ടില്‍ നിന്ന് എംഡിഎംഎയും കണ്ടെത്തിയിട്ടുണ്ട്. ജൂനൈദ് ഒളിവിലാണ്.
പെണ്‍കുട്ടിയെ കാണാനില്ല എന്ന പരാതിയെ തുടര്‍ന്നാണ് പൊലീസ് അന്വേഷണം തുടങ്ങിയത്. മൊബൈല്‍ ഫോണ്‍ ടവര്‍ ലൊക്കേഷന്‍ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് ഈ വീട്ടിലുണ്ടെന്ന് കണ്ടെത്തിയത്. പൊലീസും നാട്ടുകാരും വീടിന്റെ വാതില്‍ പൊളിച്ചാണ് അകത്തു കയറിയത്.
ഒളിവില്‍ പോയ ജുനൈദിനായി തിരച്ചില്‍ ആരംഭിച്ചതായും ഉടന്‍ പിടിയിലാകുമെന്നും പൊലീസ് പറഞ്ഞു. നാദാപുരം ഡിവൈഎസ്പി വി.വി.ലതീഷിന്റെ നേതൃത്വത്തിലാണ് അന്വേഷണം. പെണ്‍കുട്ടിയില്‍ നിന്ന് പൊലീസ് വിശദമായ മൊഴിയെടുക്കും.