പാലക്കാട് വൻ എംഡിഎംഎ വേട്ട. ഒരു കിലോ എംഡിഎംഎയുമായി സ്ത്രീ ഉൾപ്പെടെ മൂന്ന് പേരെ പൊലീസ് പിടികൂടി. ഒലവക്കോട് വെച്ചാണ് ദമ്പതികളും സുഹൃത്തും പിടിയിലായത്.
കാഞ്ഞിരപ്പള്ളി സ്വദേശി മുഹമ്മദ് നിസിൻ, വേങ്ങര സ്വദേശി അസറുദീൻ, ഭാര്യയും മംഗലാപുരം സ്വദേശിനിയുമായ ബീഫാത്തിമ എന്നിവരാണ് പിടിയിലായത്. എംഡിഎംഎയ്ക്ക് പുറമെ കൊക്കെയ്ൻ, ഹൈബ്രിഡ് കഞ്ചാവ്, എൽഎസ്ഡി സ്റ്റാമ്പ് എന്നിവയും പൊലീസ് പിടിച്ചെടുത്തു. പിടികൂടിയ ലഹരിവസ്തുക്കൾക്ക് ഏകദേശം ഒരു കോടി രൂപ വിലവരുമെന്നാണ് പൊലീസ് വ്യക്തമാക്കുന്നത്.
ഓണക്കാലത്തെ പ്രത്യേക വിൽപ്പനയ്ക്കായി ബെംഗളൂരുവിൽ നിന്നാണ് പ്രതികൾ എംഡിഎംഎ കേരളത്തിലേക്ക് എത്തിച്ചതെന്നാണ് പൊലീസിന്റെ കണ്ടെത്തൽ. തമിഴ്നാട്ടിൽ നിന്ന് വാടകയ്ക്കെടുത്ത ഇന്നോവ കാറിലായിരുന്നു ലഹരിക്കടത്ത്.
പ്രതികൾ സ്ഥിരം ലഹരിക്കടത്തുകാരാണെന്നും ഇവർക്ക് പിന്നിൽ വൻ ലഹരിക്കടത്ത് റാക്കറ്റുണ്ടെന്നുമാണ് പൊലീസിന്റെ പ്രാഥമിക നിഗമനം. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




