കൊച്ചി: നടി അൻസിബ നൽകിയ പരാതിയിൽ മുൻകൂർ ജാമ്യം തേടി നടൻ ടിനി ടോം കോടതിയിൽ. എറണാകുളം സെഷൻസ് കോടതിയിലാണ് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചത്. അൻസിബയ്‌ക്കെതിരെ ടിനി ടോം ജിഹാദി പരാമർശം നടത്തിയെന്ന പരാതിയിൽ എറണാകുളം കടവന്ത്ര പൊലീസാണ് നിലവിൽ നടനെതിരെ കേസെടുത്തിരിക്കുന്നത്.
സ്ത്രീത്വത്തെ അപമാനിക്കൽ, ലൈംഗിക ചുവയോടുള്ള പെരുമാറ്റം, മതവികാരം വ്രണപ്പെടുത്തൽ എന്നീ ഗുരുതരമായ വകുപ്പുകളാണ് ടിനി ടോമിനെതിരെ ചുമത്തിയിരിക്കുന്നത്. നേരത്തെ കടവന്ത്ര പൊലീസിൽ അൻസിബ പരാതി നൽകിയിരുന്നെങ്കിലും പൊലീസ് എഫ്‌ഐആർ രജിസ്റ്റർ ചെയ്തിരുന്നില്ല. പരാതിയിൽ ടിനി ടോം ഉൾപ്പെടെയുള്ളവരെ വിളിച്ചുവരുത്തി ചോദ്യം ചെയ്‌തെങ്കിലും കേസെടുക്കാൻ തക്കതായ തെളിവില്ലെന്നായിരുന്നു പൊലീസിന്റെ നിലപാട്. ഇതിനെതിരെ അൻസിബ കോടതിയെ സമീപിക്കുകയായിരുന്നു. പരാതി പരിശോധിച്ച എറണാകുളം ജില്ലാ അഡീഷണൽ സെഷൻസ് എട്ടാം നമ്പർ കോടതി വർഗ്ഗീയ പരാമർശത്തിനെതിരെ കേസെടുക്കാൻ പൊലീസിന് കർശന നിർദേശം നൽകുകയായിരുന്നു.
താരസംഘടനയായ ‘അമ്മ’യിൽ താൻ ഉന്നയിച്ച ഗുരുതരമായ പരാതികൾ സംഘടന ഗൗരവമായെടുത്തില്ലെന്ന് അൻസിബ പറയുന്നു. തന്നെ ജിഹാദിയെന്ന് വിളിച്ചതായും, മതം മാറ്റാൻ ശ്രമം നടത്തിയെന്ന് പ്രചരിപ്പിച്ചതായും പരാതിയിലുണ്ട്. തനിക്കെതിരെ വംശീയവും വ്യക്തിപരവുമായ അധിക്ഷേപമാണ് നടന്നതെന്നാണ് നടി ആരോപിക്കുന്നത്. കോടതി നിർദേശം വന്നതിന് പിന്നാലെ സോഷ്യൽ മീഡിയയിലൂടെ “സത്യമേവ ജയതേ” എന്നായിരുന്നു അൻസിബയുടെ പ്രതികരണം. കോടതി ഉത്തരവിന് പിന്നാലെ പൊലീസ് കേസെടുത്തതോടെയാണ് അറസ്റ്റ് ഭയന്ന് ടിനി ടോം മുൻകൂർ ജാമ്യാപേക്ഷയുമായി സെഷൻസ് കോടതിയെ സമീപിച്ചിരിക്കുന്നത്.




