ലോസ് ആഞ്ചലസ്: ഓസ്‌കറില്‍ ഇരട്ട നേട്ടം കൊയ്ത് ഇന്ത്യ തിളങ്ങി. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തില്‍ ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രത്തിന് പിന്നാലെ ആര്‍ആര്‍ആറിലെ നാട്ടു നാട്ടു എന്ന ഗാനത്തിലൂടെയാണ് ഓസ്‌കാര്‍ വേദിയില്‍ ഇന്ത്യ അഭിമാനമുയര്‍ത്തിയിരിക്കുന്നത്.
ഊട്ടി സ്വദേശിനിയായ കാര്‍ത്തികി ഗോണ്‍സാല്‍വസ് സംവിധാനം ചെയ്ത ദി എലിഫന്റ് വിസ്പറേഴ്‌സ് എന്ന ചിത്രത്തിലൂടെയാണ് ഇന്ത്യ ഓസ്‌കര്‍വേദിയില്‍ ആദ്യം അഭിമാനമുയര്‍ത്തിയത്. മികച്ച ഡോക്യുമെന്ററി ഷോര്‍ട്ട് ഫിലിം വിഭാഗത്തിലാണ് 41 മിനിട്ട് ദൈര്‍ഘ്യമുള്ള ചിത്രം പുരസ്‌കാരം നേടിയത്.
ഒര്‍ജിനല്‍ സോംഗ് വിഭാഗത്തിലാണ് ആര്‍ആര്‍ആര്‍ പുരസ്‌കാരം നേടിയിരിക്കുന്നത്. എം എം കീരവാണിയാണ് പാട്ടിന്റെ സംഗീത സംവിധായകന്‍. ചന്ദ്രബോസ് ആണ് വരികള്‍ എഴുതിയത്. കാലഭൈരവ, രാഹുല്‍ സിപ്ലിഗുഞ്ജ് എന്നിവര്‍ ചേര്‍ന്നാണ് ‘നാട്ടു നാട്ടു’ ആലപിച്ചത്.
നാട്ടു നാട്ടു സംഗീത സംവിധാനം നിര്‍വഹിച്ച കീരവാണിയും വരികളെഴുതിയ ചന്ദ്രബോസും ചേര്‍ന്ന് പുരസ്‌കാരം ഏറ്റുവാങ്ങി. ഓസ്‌കര്‍ നേട്ടം രാജ്യത്തിന് സമര്‍പ്പിക്കുന്നതായി കീരവാണി പറഞ്ഞു. ദ എലഫന്റ് വിസ്പറേഴ്‌സിന് ലഭിച്ച പുരസ്‌കാരം സംവിധായിക കാര്‍ത്തികി ഗോണ്‍സാല്‍വസ് ഏറ്റുവാങ്ങി. ഡോക്യുമെന്ററി വിഭാഗത്തില്‍ ഇന്ത്യയുടെ ഓള്‍ ദാറ്റ് ബ്രീത്ത്‌സിന് പുരസ്‌കാരം നേടാന്‍ സാധിക്കാതെ പോയി.
14 വര്‍ഷങ്ങള്‍ക്ക് മുന്‍പ് എ ആര്‍ റഹ്മാനും റസൂല്‍ പൂക്കുട്ടിയുമാണ് ഇന്ത്യയിലേക്ക് ഓസ്‌കര്‍ കൊണ്ടുവന്നത്. എന്നാല്‍ ഇന്ത്യന്‍ ചിത്രത്തിനായിരുന്നില്ല പുരസ്‌കാരം. ‘സ്ലം ഡോഗ് മില്യണയര്‍’ എന്ന ബ്രിട്ടീഷ് ഡ്രാമ ആയിരുന്നു. ചരിത്രത്തില്‍ ആദ്യമായാണ് ഇന്ത്യക്ക് രണ്ട് പുരസ്‌കാരങ്ങള്‍ ലഭിക്കുന്നത്.