എറണാകുളം ആലുവയിലെ റിസോർട്ടിൽ ഹാലോവീൻ പാർട്ടിയുടെ മറവിൽ ലഹരി ഉപയോഗവും പ്രായപൂർത്തിയാകാത്ത വിദ്യാർഥിനിക്ക് നേരെ ലൈംഗിക അതിക്രമവും നടന്നതായി പരാതി. സംഭവത്തിൽ പാർട്ടി സംഘടിപ്പിച്ച കടവന്ത്ര സ്വദേശി അലക്സിനെ പോക്സോ നിയമപ്രകാരം അറസ്റ്റ് ചെയ്തു. പെൺകുട്ടിയുടെ കുടുംബം നൽകിയ പരാതിയുടെ അടിസ്ഥാനത്തിലാണ് പൊലീസ് നടപടി.
പാർട്ടിയിൽ പ്രായപൂർത്തിയാകാത്ത കൂടുതൽ പേർ പങ്കെടുത്തിരുന്നതായാണ് വിവരം. ഹാലോവീൻ ആഘോഷത്തിനിടെ മദ്യം വിളമ്പിയിരുന്നതായും വ്യക്തമായിട്ടുണ്ട്. മറ്റു ലഹരിവസ്തുക്കൾ ഉപയോഗിച്ചിരുന്നോ എന്നതടക്കമുള്ള കാര്യങ്ങളിൽ പൊലീസ് അന്വേഷണം നടത്തും.
പാർട്ടിയെക്കുറിച്ച് പൊലീസിന് മുൻകൂട്ടി അറിവുണ്ടായിരുന്നില്ലെന്നാണ് അധികൃതർ വ്യക്തമാക്കുന്നത്. അതേസമയം, പാർട്ടിയിൽ അതിഥികളായി പ്രമുഖ വ്യക്തികളുടെ മക്കളും പങ്കെടുത്തിരുന്നതായുള്ള സൂചനകളും പുറത്തുവരുന്നുണ്ട്. സംഭവത്തിൽ കൂടുതൽ അന്വേഷണം തുടരുകയാണ്.




